മദ്യപിച്ച് ഡ്രൈവിങ്‌ : സ്‌കൂള്‍, സ്വകാര്യ ബസ്സുകളിലെ ഡ്രൈവര്‍മാര്‍ പിടിയില്‍ഏരുമേലി: മദ്യപിച്ച് വാഹനം ഓടിച്ച സ്‌കൂള്‍ ബസ്സിന്റെയും സ്വകാര്യ ബസ്സിന്റെയും ഡ്രൈവര്‍മാര്‍ പിടിയില്‍. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശം പോലിസ് രാവിലെ ആറു മുതല്‍ എട്ടു വരെ വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് അഞ്ചു പേരാണ് പിടിയിലായത്. ഇന്നലെ രാവിലെ എരുമേലിയിലാണ് സംഭവം. ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിന്റെ ബസ് ഡ്രൈവര്‍, അല്‍ഫോന്‍സ സ്വകാര്യ ബസ്സിന്റെ ഡ്രൈവര്‍, രാവിലെ പാല്‍ വിതരണത്തിനെത്തിയ മിനി വാനിന്റെ ഡ്രൈവര്‍, ഓട്ടോ, കാര്‍ ഡ്രൈവര്‍മാര്‍ എന്നിങ്ങനെ അഞ്ചു പേരാണ് അറസ്റ്റിലായത്. ഈ വാഹനങ്ങള്‍ക്കെല്ലാം മറ്റു ഡ്രൈവര്‍മാരെ ഏര്‍പ്പെടുത്തി യാത്ര തുടരാന്‍ അനുവദിച്ചു. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ പേരില്‍ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എരുമേലി എസ്‌ഐ ജെര്‍ലിന്‍ വി സ്‌കറിയയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ ഡ്രൈവ് ചെയ്യുമ്പോഴും മദ്യപാനമുണ്ടെന്നു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ എരുമേലിയില്‍ പോലിസിനോടു പരിശോധന നടത്താന്‍ നിര്‍ദേശം ലഭിച്ചത്. സാധാരണ രാവിലെ പോലിസിന്റെ പരിശോധന ഇല്ലാത്തതിനാല്‍ മദ്യപാനം ഡ്രൈവര്‍മാര്‍ക്കിടയില്‍ വര്‍ധിക്കുന്നെന്ന് പോലിസിന്റെ രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലിസ് മേധാവിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.

RELATED STORIES

Share it
Top