മദ്യപിച്ച് ജോലിക്കെത്തുന്നവര്‍ക്ക് എ തിരേ കര്‍ശന നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിക്കു പിന്നാലെ വകുപ്പില്‍ കര്‍ശന അച്ചടക്കനടപടിക്ക് നിര്‍ദേശം. എക്‌സൈസ് ഓഫിസുകളില്‍ മദ്യപിച്ചു ജോലിക്ക് ഹാജരാവുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ കമ്മീഷണര്‍ ഋഷിരാജ് സിങിന് നിര്‍ദേശം നല്‍കി. രാത്രിസമയങ്ങളില്‍ ജോലി കഴിഞ്ഞുപോവുന്ന വനിതാ ഓഫിസര്‍മാരെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അടിയന്തരമായി ഇക്കാര്യങ്ങള്‍ നടപ്പാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും എക്‌സൈസ് കമ്മീഷണറോട് നിര്‍ദേശിച്ചിട്ടുണ്ട്.
വനിതാ ജീവനക്കാര്‍ക്ക് ഡ്യൂട്ടിയുടെ ഭാഗമായി ഉപയോഗിക്കാന്‍ നല്‍കിയ സ്‌കൂട്ടറുകളുടെ ഉത്തരവാദിത്തം ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണെന്നിരിക്കെ അവര്‍ തന്നെയാണോ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും സ്‌കൂട്ടറിന്റെ സ്റ്റിക്കര്‍ ഇളക്കിമാറ്റി പുരുഷ ഓഫിസര്‍മാര്‍ ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ വനിതാ ഓഫിസര്‍മാരെ മിനിസ്റ്റീരിയല്‍ ജോലിയില്‍ നിയോഗിക്കുന്നത് സംബന്ധിച്ചു പഠിച്ച് ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കുക, മുഴുവന്‍ പഞ്ചായത്തുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കുക, വനിതാ ജീവനക്കാര്‍ക്ക് ശുചിമുറി ഇല്ലാത്ത സ്ഥലങ്ങളില്‍ ഒരു മാസത്തിനകം ശുചിമുറി തയ്യാറാക്കി റിപോര്‍ട്ട് സമര്‍പ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മന്ത്രി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വനിതാ സിവില്‍ എക്‌സൈസ് പോലിസ് ഓഫിസര്‍മാര്‍ ജോലിസ്ഥലത്ത് പീഡനത്തിന് ഇരയാവുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം വനിതാ ഓഫിസര്‍മാരുടെ പരാതി കഴിഞ്ഞയാഴ്ച മനുഷ്യാവകാശ കമ്മീഷന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടപടി സ്വീകരിക്കാനായി കമ്മീഷന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചത് പ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ശന നിലപാടുമായി എക്‌സൈസ് മന്ത്രി രംഗത്തുവന്നത്.

RELATED STORIES

Share it
Top