മദ്യനിര്‍മാണത്തിന് നല്‍കിയ അനുമതി

വിവാദം സൃഷ്ടിച്ച ബ്രൂവറി-ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കാന്‍ ഇടതു മുന്നണി സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഏത് അര്‍ഥത്തില്‍ നോക്കിയാലും സ്വാഗതാര്‍ഹമാണ്. ഉടനീളം ദുരൂഹത നിറഞ്ഞതായിരുന്നു ഇടതു മുന്നണി ഗവണ്‍മെന്റിന്റെ നടപടികള്‍.
പൊതുജനങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നല്ല അനുമതികള്‍ നല്‍കിയത്. ഏറ്റവും അനുയോജ്യമായ സ്ഥാപനം ഏതാണെന്നു തിരഞ്ഞെടുക്കാന്‍ യാതൊരു മാനദണ്ഡവും പുലര്‍ത്തിയിട്ടില്ല. എവിടെയായിരിക്കണം ബ്രൂവറി സ്ഥാപിക്കേണ്ടത് എന്നതിനെപ്പറ്റി യാതൊരു സ്ഥലപഠനവും നടത്തിയിട്ടില്ല. മദ്യനിര്‍മാണശാലകള്‍ ആരംഭിക്കാന്‍ മുന്നോട്ടുവന്ന സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വിലാസം പോലുമില്ല. ഈ സാഹചര്യത്തില്‍ ബിനാമി ഏര്‍പ്പാടുകള്‍ക്കാണ് അനുമതി നല്‍കിയതെന്ന സംശയം സ്വാഭാവികമാണ്.
ഇത്തരം സംശയങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉരുണ്ടുകളിക്കുന്നതാണ് ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കേരളം കണ്ടത്. കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ വല്ലാതെ മങ്ങിപ്പോയി എന്നു തീര്‍ച്ച. ഒടുവില്‍ തീരുമാനം റദ്ദാക്കേണ്ടിവരുകയും ചെയ്തു. ഇക്കാര്യത്തില്‍ യുഡിഎഫിന്, വിശേഷിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിശ്ചയമായും അഭിമാനിക്കാവുന്നതാണ്. ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷ നേതാവിന്റെ ചുമതല അദ്ദേഹം കൃത്യമായി നിറവേറ്റി. കേരളത്തെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയാണ് ഇടതു മുന്നണി മുന്നോട്ടുനീങ്ങുന്നത് എന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷത്തിനു സാധിച്ചു.
ദുര്‍ബലമായ പല വാദങ്ങളും നിരത്തിയാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഇത്തരം വിഫല ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന പാഠമാണ് സര്‍ക്കാരിന്റെ പിന്‍വാങ്ങലില്‍ അടങ്ങിയിട്ടുള്ളത്. ജനവിരുദ്ധമായ ഏതു നടപടിയെയും ശക്തമായ ഇത്തരം പ്രതിഷേധങ്ങളിലൂടെ എതിര്‍ത്തു തോല്‍പിക്കാനാവും എന്ന സന്ദേശം അതു നല്‍കുന്നു. വരാനിരിക്കുന്ന ജനകീയ സമരങ്ങളില്‍, അത് ഏതു സര്‍ക്കാരിന് എതിരായുള്ളതാണെങ്കില്‍ത്തന്നെയും, ഈ സന്ദേശം പ്രസക്തമായി വര്‍ത്തിക്കും. സര്‍ക്കാരിനു മാത്രമല്ല, എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഇതൊരു പാഠമാണ്.
ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചുകൊണ്ടുള്ള തീരുമാനം റദ്ദാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ കാരണമാണ് ഏറ്റവും പരിഹാസ്യം. നാട് ഒറ്റക്കെട്ടായി നീങ്ങേണ്ട സന്ദര്‍ഭങ്ങളില്‍ തമ്മില്‍ത്തല്ലുന്നത് ശരിയല്ല എന്നതുകൊണ്ടാണത്രേ അനുമതി റദ്ദാക്കിയത്. മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായയില്‍ ഈ നിലപാട് കുറേക്കൂടി കരിതേച്ചു. തെറ്റു പറ്റിയാല്‍ അതു സമ്മതിക്കുന്നതാണ് ഏതു ഭരണാധികാരിക്കും ഉചിതം. അങ്ങനെ ചെയ്യാനുള്ള ആര്‍ജവം ഭരണകര്‍ത്താക്കളുടെ അന്തസ്സ് ഉയര്‍ത്തുകയേയുള്ളൂ. പക്ഷേ, പിണറായിയുടെ ഈ വര്‍ത്തമാനമുണ്ടല്ലോ, അത് വെറും 'ഞഞ്ഞാമ്മിഞ്ഞ'യായിപ്പോയി.

RELATED STORIES

Share it
Top