മദ്യനയം: കെസിബിസിയുടെ തീരുമാനങ്ങള്‍ക്ക് യുഡിഎഫ് പിന്തുണ നല്‍കും- ചെന്നിത്തലകോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ കെസിബിസി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് യുഡിഎഫ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 9നു ചേരുന്ന യുഡിഎഫ് നേതൃയോഗം ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബാര്‍ ഉടമകളും ഇടതു നേതാക്കളും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തുമാറ്റിയത്. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരേ ശക്തമായ സമരപരിപാടികള്‍ക്ക് യുഡിഎഫ് തുടക്കം കുറിക്കും. ഉല്‍പന്നം മോശമാവുമ്പോള്‍ പരസ്യം നല്‍കുന്നതുപോലെയാണ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ കോടിക്കണക്കിനു രൂപ പരസ്യപ്രചാരണത്തിനായി സര്‍ക്കാര്‍ ചെലവിടുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമ്രന്തി പിണറായി വിജയനും ഒരേ തൂവല്‍പ്പക്ഷികളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു പദ്ധതിയും ആരംഭിക്കാന്‍ പിണറായി സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. യുഡിഎഫ് തുടങ്ങിവച്ച വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട് എന്നിവയുടെ പേരില്‍ മേനിപറയാന്‍ മാത്രമാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഈ പദ്ധതികളെ തകര്‍ക്കാന്‍ സമരം നടത്തിയവരാണ് ഇപ്പോഴത്തെ ഭരണപക്ഷമെന്ന് ചെന്നിത്തല പരിഹസിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം വെറുംകൈയോടെയാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്. മാണി ഗ്രൂപ്പുമായുളള ബന്ധം തുടരുന്നതു സംബന്ധിച്ച് കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എടുത്ത അതേ നിലപാട് തന്നെയാണ് കെപിസിസിക്കുള്ളതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top