മദ്യത്തിന്റെ കാര്യം ഏതായാലും ശരിയാവുന്നുഎല്ലാം ശരിയാവുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനം മദ്യത്തിന്റെ കാര്യത്തില്‍ അക്ഷരംപ്രതി നടപ്പാവുന്നു! ഇപ്പോള്‍ ഏതാണ്ട് ശരിയായിക്കഴിഞ്ഞു. നാലോ അഞ്ചോ മാസത്തിനുള്ളില്‍ 50 ശതമാനത്തിലേറെ ശരിയാവും. രണ്ടാം വാര്‍ഷികമാവുമ്പോഴേക്കും മദ്യത്തിന്റെ കാര്യത്തില്‍ പൂര്‍വസ്ഥിതി കൈവരിക്കാനാവും. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി പിണറായി വിജയന്‍ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ കേരളത്തെ ഒരു മദ്യസംസ്ഥാനമാക്കി മാറ്റിയെടുക്കും. ഈ വഴിക്കാണ് ഭരണമുന്നണിയുടെയും ഭരണത്തിന്റെയും പോക്ക്! അഞ്ചു കൊല്ലം കഴിഞ്ഞാല്‍ ഏതുവിധേനയും വീണ്ടും അധികാരത്തില്‍ വരണമെന്ന ഉറച്ച നിലപാട് മുന്നണിക്കുണ്ട്. ചാരായ നിരോധനവും മദ്യനിരോധനവും ഇടതുമുന്നണിക്ക് ഉണ്ടാക്കിയ നേട്ടം മറന്നുകളിക്കരുതെന്ന് അവര്‍ അണികളോട് പറയുന്നുണ്ട്. മദ്യത്തിന്റെ പേരില്‍ ആദരവും പ്രശംസയും നേടാമെങ്കിലും വോട്ടുകള്‍ കിട്ടാനിടയില്ലെന്ന് ഇടതുമുന്നണി നന്നായി വിലയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ ആണുംപെണ്ണുമല്ലാത്ത മദ്യനയം ഏറെ വിവാദമായിരുന്നു. മദ്യനിരോധനം നടപ്പാക്കിയെന്നു പ്രചരിപ്പിക്കുകയും മദ്യം സുലഭമായി ലഭിക്കുകയും ചെയ്യുന്ന പ്രത്യേകതരം നയമായിരുന്നു അവരുടേത്. സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കു മുന്നേറുകയായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. മദ്യത്തിന്റെയും ബാറുകളുടെയും പേരില്‍ അഴിമതി നടത്തി. ധനമന്ത്രിയെ തന്നെ രാജിവയ്പിക്കേണ്ടിവന്നു. കേസും കോടതികളുമായി പലര്‍ക്കും കെട്ടിമറിയേണ്ടിവന്നു. ഇത്തരത്തില്‍ മദ്യം മഹാവിപത്താണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്. അതൊരു വന്‍നേട്ടം തന്നെയാണ്! സാദാ കുടിയന്‍മാരും മുഴുക്കുടിയന്‍മാരും ഉള്‍പ്പെടെ മദ്യാനുകൂലികളാകെ സര്‍ക്കാരിനെതിരേ തിരിഞ്ഞു. പക്ഷേ സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. മദ്യത്തിനെതിരേ പ്രസംഗിച്ചു നല്ല കൈയടി വാങ്ങിപ്പോരുന്ന കെപിസിസി പ്രസിഡന്റിനെ ഏറെ കടത്തിവെട്ടുന്ന തീരുമാനങ്ങളായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. മദ്യവിപത്തിനെതിരേ എന്തൊരു പ്രസംഗങ്ങള്‍!യുഡിഎഫിന്റെ അവസാനകാലമായപ്പോഴേക്കും മദ്യം കിട്ടാതെ മദ്യപാനികള്‍ വലഞ്ഞു. ഇടത്തരക്കാരും സാധാരണക്കാരും മദ്യവില്‍പന കേന്ദ്രങ്ങള്‍ക്കു മുമ്പില്‍ ക്യൂ നിന്നു. വരിയില്‍ നില്‍ക്കുന്ന ആയിരക്കണക്കായ മനുഷ്യര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വോട്ടുണ്ടെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി അന്നേ മനസ്സിലാക്കിയിരുന്നു. നിരോധനത്തിന്റെ മറവില്‍ ലഭിച്ച പബ്ലിസിറ്റിയില്‍ മയങ്ങിയ ഐക്യജനാധിപത്യ മുന്നണി, ക്യൂ നില്‍ക്കുന്നവര്‍ക്ക് വോട്ടുള്ള കാര്യം മറക്കുകയും ചെയ്തു. തിരഞ്ഞെടുപ്പു സമയത്ത് രണ്ടു മുന്നണികളും മദ്യത്തിന്റെ കാര്യത്തില്‍ വ്യക്തവും ഏതു കുട്ടികള്‍ക്കു പോലും മനസ്സിലാവുകയും ചെയ്യുന്ന വിധത്തിലുള്ള നയം പ്രഖ്യാപിച്ചു. ആദ്യം യുഡിഎഫിന്റെ വകയായിരുന്നു. സമ്പൂര്‍ണ മദ്യനിരോധനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചു.  മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പ്രഖ്യാപിച്ചു. ജനങ്ങളെ ബോധവാന്‍മാരാക്കി മദ്യപാനത്തില്‍ നിന്നു പിന്തിരിപ്പിച്ച് ആരും കുടിക്കാത്ത ഒരു സംസ്ഥാനമാക്കി മാറ്റുകയെന്നതാണ് ഈ നയമെന്നും അവര്‍ വിശദീകരിച്ചു. പണ്ട് എഴുത്തും വായനയും അറിയാത്ത നിരക്ഷരരെ സാക്ഷരതാ യജ്ഞത്തിലൂടെ എഴുതാനും വായിക്കാനും പഠിപ്പിച്ച പാരമ്പര്യമുള്ള മുന്നണിയായതിനാല്‍ പലരും ഇതു വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ മദ്യനിരോധനത്തെ മുന്നണി ഒരിക്കലും ന്യായീകരിച്ചില്ല; പിന്തുണച്ചില്ല. തിരഞ്ഞെടുപ്പുവേളയിലും മദ്യം മുഖ്യചര്‍ച്ചയായിരുന്നു. നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോ എന്ന ചോദ്യത്തിന് യുഡിഎഫ് നേതാക്കള്‍, തുറക്കില്ല എന്ന് ഉശിരോടെ മറുപടി നല്‍കി. ഇടതുനേതാക്കളാവട്ടെ, ഈ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. മറിച്ച്, പകരം ചോദ്യമാണ് ഉന്നയിച്ചത്. അതിന് ബാറുകള്‍ പൂട്ടിയിട്ടുണ്ടോ എന്നതായിരുന്നു അത്. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നയുടനെ നിലവിലുണ്ടായിരുന്ന മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. മദ്യപാനികള്‍ക്കു വേഗം പിടികിട്ടും. ഈ സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. പഴയ നയം ഇവിടെ കുത്തനെ നില്‍ക്കുമ്പോള്‍ പുതിയത് പ്രഖ്യാപിക്കാന്‍ പറ്റുമോ? ഘട്ടംഘട്ടമായി ആ നയം മാറ്റണം. അതാണ് ഇപ്പോള്‍ നടന്നുവരുന്നത്. മദ്യശാലകള്‍ തുറക്കുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിയമം സര്‍ക്കാര്‍ എടുത്തുകളയാന്‍ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണ്. ഹൈക്കോടതിയിലും പരമോന്നത കോടതിയിലും യുഡിഎഫ് നയത്തിനെതിരായി സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിക്കുന്നതും ഇതിനു വേണ്ടിയാണ്. വാസ്തവത്തില്‍ പിണറായി സര്‍ക്കാര്‍ മദ്യവര്‍ജനമെന്ന ജനകീയ ആശയം പ്രാവര്‍ത്തികമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിവരുകയാണ്. മദ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണങ്ങളുമൊക്കെ മദ്യപാനികള്‍ക്കുവേണ്ടിയുള്ളതാണ്. മദ്യത്തിന്റെ രുചി പോലും അറിയാത്തവര്‍ക്ക് ഇതിലെന്താണു കാര്യം! ജനങ്ങളുടെ നികുതിപ്പണംകൊണ്ട് സര്‍ക്കാര്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അത് ജനങ്ങള്‍ക്കാകെ വേണ്ടിയുള്ളതാവണം. അല്ലെങ്കില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാവില്ലേ? അതുകൊണ്ട് കേരളത്തിലെ മുഴുവന്‍ ജനങ്ങളും മദ്യപാനികളാവണം. 90 ശതമാനമായാല്‍ സമ്പൂര്‍ണ മദ്യപാന കേരളം എന്നു പറയാം.

RELATED STORIES

Share it
Top