മദ്യത്തിനുവേണ്ടി തര്‍ക്കം; അമ്മാവന്‍ അനന്തിരവനെ വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: മദ്യപിക്കുന്നതിനിടെ അമ്മാവന്‍ അനന്തിരവനെ വെട്ടിക്കൊന്നു. ചെറുകോല്‍ പഞ്ചായത്തിലെ മടക്കക്കുന്ന് ഇട്ടിതടത്തില്‍ മുകളില്‍ പരേതനായ ദാമോദരന്റെ മകന്‍ ഗോപി (39)ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മാവന്‍ ആറന്മുള കോഴിപ്പാലം ഇല്ലത്തു തെക്കേതില്‍ മണിയന്‍ എന്നു വിളിക്കുന്ന ആനന്ദന്‍ (54), ഗോപിയുടെ ഭാര്യാസഹോദരന്‍ എഴീക്കാട് മാങ്കൂട്ടത്തില്‍ ഗോപാലകൃഷ്ണന്‍ (52) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഗോപിയും ആനന്ദനും ഗോപാലകൃഷ്ണനും ഗോപിയുടെ വീട്ടില്‍ ഒന്നിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. മദ്യത്തിന്റെ ബാക്കിക്ക് വേണ്ടി മൂവരും തമ്മില്‍ പിടിവലി നടന്നു. ഈ സമയം കട്ടിലിനടിയില്‍ കിടന്ന വെട്ടുകത്തി കൈക്കലാക്കിയ ആനന്ദന്‍ ഗോപിയെ വെട്ടുകയായിരുന്നു. തുടര്‍ന്ന് ഗോപിയുടെ മരണം ഉറപ്പാക്കിയ ആനന്ദന്‍ കത്തിയുമായി ചെറുകോല്‍ ഗുരുമന്ദിരം ജങ്ഷനിലെത്തി നാട്ടുകാരെ വെല്ലുവിളിച്ചു. ഇതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചശേഷം ആറന്മുള പോലിസില്‍ വിവരമറിയിച്ചു.
ആറന്മുള എസ്‌ഐ അശ്വത് എസ് കാരാഴ്മയുടെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. ഈ സമയത്ത് രണ്ടാം പ്രതി ഗോപാലകൃഷ്ണന്‍ എഴിക്കാട്ടെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കോഴഞ്ചേരി സിഐ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം എഴിക്കാട്ടെ വീട്ടിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്‌ഐ വി എസ് വില്‍സണ്‍, സിഐ ഓഫിസിലെ എഎസ്‌ഐ ജലാലുദ്ദീന്‍, അരുണ്‍കുമാര്‍, ധനൂപ് എം കുറുപ്പ്, ഗോപകുമാര്‍, സുനില്‍കുമാര്‍ എന്നീ പോലിസുകാരും പ്രതികളെ പിടിക്കാന്‍ സംഘത്തിലുണ്ടായിരുന്നു. മരിച്ച ഗോപി വിവാഹബന്ധം വേര്‍പെടുത്തി ഒറ്റയ്ക്കുകഴിയുകയായിരുന്നു.

RELATED STORIES

Share it
Top