മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആര്‍ എസ് എസ്‌

ന്യൂഡല്‍ഹി: മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആര്‍ എസ് എസ്‌
നേതാവ് രാജീവ് തൂളി. ആര്‍എസ്എസിന്റെ ഡല്‍ഹി പ്രചാര്‍ പ്രമുഖാണ് രാജീവ് തുളി. മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയില്‍ നിന്ന് നവജാത ശിശുക്കളെ വിറ്റകേസില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ചാരിറ്റിക്കെതിരായ ആരോപണം തെളിഞ്ഞാല്‍ ഭാരതരത്‌നം തിരിച്ചെടുക്കണം. അല്ലാത്ത പക്ഷം അത് ഭാരതരത്‌നത്തെ കളങ്കപ്പെടുത്തുന്നതിന് തുല്യമാണ്. അതിന് ഇന്ത്യന്‍ പൗരന്‍മാര്‍ ആഗ്രഹിക്കുന്നില്ലെന്നും രാജീവ് പറഞ്ഞു.അതേസമയം, മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരേ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മദര്‍ തെരേസയുടെ പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകളെ അവര്‍ ലക്ഷ്യംവയ്ക്കുന്നെന്നുമായിരുന്നു മമതയുടെ ആരോപണം. ഉപവിയുടെ സഹോദരിമാര്‍ സഭ സ്ഥാപിച്ചതു മദര്‍ തെരേസയാണ്. ഇപ്പോള്‍ അവരെയും ബിജെപി വെറുതെവിടുന്നില്ല. മദര്‍ തെരേസയുടെ പേര് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്- മമത ട്വീറ്റ് ചെയ്തു.ജാര്‍ഖണ്ഡ് റാഞ്ചിയിലെ നിര്‍മല ഹൃദയ ശിശുഭവനിലെ അന്തേവാസികളായ അനാഥക്കുട്ടികളെ വിറ്റുവെന്ന് സഭയ്‌ക്കെതിരേ സംഘപരിവാരം ആരോപണം വ്യാപകമായി നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കന്യാസ്ത്രീ അടക്കം രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ക്കു കുട്ടിയെ നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. സഭ 280 കുട്ടികളെ കടത്തി എന്നാണ് ബിജെപി പ്രചാരണം. എന്നാല്‍ നാലു കുട്ടികളെ മാത്രമാണ് കാണാതായതെന്നും ഇതില്‍ മൂന്നുപേരെ കണ്ടെത്തിയെന്നും ജാര്‍ഖണ്ഡ് എഡിജിപി അറിയിച്ചു. ഇതിനു പിന്നാലെയാണ് സഭയ്ക്ക് പിന്തുണയുമായി മമത ബാനര്‍ജി രംഗത്തെത്തിയത്.

RELATED STORIES

Share it
Top