മത രാഷ്ട്രീയത്തിന്റെ പ്രതിസന്ധികള്‍

ജെ രഘു

ദൈവത്തെ അഭിസംബോധന ചെയ്യാതെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ സാധ്യമല്ലാതെ വന്നിരിക്കുന്നു എന്നതാണ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അഗാധമായ പരിവര്‍ത്തനം. ബിജെപി പ്രതിനിധാനം ചെയ്യുന്ന മത-ദൈവ രാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യത്തെ ചോദ്യം ചെയ്യാനോ മതേതര രാഷ്ട്രീയത്തിന്റെ ബദല്‍ പ്രയോഗിക്കാനോ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഭയക്കുന്നിടത്തോളം രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ മാറിയിട്ടുണ്ട്.
ബിജെപി ഒരു നിര്‍ണായക രാഷ്ട്രീയശക്തി അല്ലാതിരുന്ന നാളുകളിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ പലവിധത്തിലുള്ള മത-ജാതി-ദൈവ പ്രീണനങ്ങള്‍ നടത്തിയിരുന്നു എന്നതൊരു വസ്തുതയാണ്. പക്ഷേ, അപ്പോഴൊക്കെ തത്ത്വത്തിലെങ്കിലും മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ശ്രദ്ധിച്ചിരുന്നു. തത്ത്വത്തില്‍ മതേതരത്വവും പ്രയോഗത്തില്‍ മതപ്രീണനവുമെന്ന് ഈ സമീപനത്തെ വിശേഷിപ്പിക്കാം. അതുകൊണ്ടുതന്നെ, രാഷ്ട്രീയകക്ഷികളുടെ മതപ്രീണന നയങ്ങളെ പൊതുമണ്ഡലത്തില്‍ വിമര്‍ശിക്കാനും കഴിഞ്ഞിരുന്നു.
എന്നാല്‍, മത-ദൈവനിര്‍മിതിയെ തത്ത്വത്തിലും പ്രയോഗത്തിലും ഒരു നയമായി അംഗീകരിക്കുന്ന ബിജെപി ഇന്ത്യയിലെ മുഖ്യ രാഷ്ട്രീയ-ഭരണശക്തിയായി മാറിയതോടെ തത്ത്വത്തില്‍ മതേതരമായിരുന്ന പാര്‍ട്ടികളെയാകെ വലിയൊരു പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. മത-ദൈവ രാഷ്ട്രീയത്തിന്റെ കളിനിയമങ്ങള്‍ പിന്തുടരാനും ബിജെപി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പു കളിക്കളത്തിലിറങ്ങി കളിക്കാനും നിര്‍ബന്ധിതമായതോടെ താത്ത്വിക മതേതരത്വം പോലും ഇന്ന് ഭാരമായി മാറിയിരിക്കുകയാണ്. ബിജെപി നിശ്ചയിക്കുന്ന അജണ്ട ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പൊതു അജണ്ടയായും ഈ അജണ്ടയുടെ വേദിയിലെ മല്‍സരാര്‍ഥികളായും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും മാറ്റിയെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നത് മത-ദൈവ രാഷ്ട്രീയത്തിന്റെ അനിഷേധ്യമായ അധീശത്വമാണ് തെളിയിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ നേതാവായ രാഹുല്‍ ഗാന്ധിക്ക് താനൊരു ഹിന്ദുവും ക്ഷേത്രദര്‍ശകനും ഭക്തനുമാണെന്ന് പരസ്യമായി തെളിയിക്കേണ്ടിവരുന്നു എന്നത്, പൊതു രാഷ്ട്രീയമണ്ഡലം എത്രത്തോളം മതാത്മകമായിരിക്കുന്നു എന്നതിന്റെ സൂചനയാണ്. തത്ത്വത്തിലെങ്കിലും മതേതര പരിവേഷം ഉണ്ടായിരുന്ന പൊതുമണ്ഡലത്തില്‍ നിന്ന് മതേതരത്വം ഉച്ചാടനം ചെയ്യപ്പെട്ടിരിക്കുന്നു. സ്വകാര്യ മണ്ഡലത്തില്‍ പരിമിതപ്പെട്ടിരുന്ന വിശ്വാസാചാരങ്ങളും ചിഹ്നപ്രതീകങ്ങളും പൊതുമണ്ഡലത്തിലേക്ക് കടന്നുവരുക മാത്രമല്ല, അതിനെ നിര്‍വചിക്കാനും തുടങ്ങിയിരിക്കുന്നു.
ഭരണഘടന, മതേതരത്വം, നിയമവാഴ്ച, മനുഷ്യാവകാശം, വ്യക്തിസ്വാതന്ത്ര്യം, ലിംഗനീതി, സാമൂഹിക-സാമ്പത്തിക സമത്വം, ദാരിദ്ര്യ നിര്‍മാര്‍ജനം, ശാസ്ത്രീയത, യുക്തിവിചാരം തുടങ്ങിയ പൊതു രാഷ്ട്രീയമൂല്യങ്ങളുടെ സ്ഥാനത്ത് മതം, ഭക്തി, ക്ഷേത്രദര്‍ശനം, സിന്ദൂരക്കുറി, ആള്‍ദൈവ സന്ദര്‍ശനം, ക്ഷേത്രനിര്‍മാണം, ബാലഗോകുലം, രാമായണ മാസാചരണം, തീര്‍ത്ഥാടനം എന്നിങ്ങനെയുള്ള മതമൂല്യങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഈ മതമൂല്യങ്ങള്‍ പരസ്യമായി ഉയര്‍ത്തിപ്പിടിക്കുന്നവരുടെ ജനപ്രീതി വര്‍ധിച്ചതോടെ അതൊരു രാഷ്ട്രീയ മാതൃകയുടെ പ്രതിച്ഛായ ആര്‍ജിക്കുകയും ചെയ്യുന്നു. അപകടകരമായ ഈ മാറ്റങ്ങളെ വിമര്‍ശനപരമായി വിലയിരുത്താനുള്ള കഴിവ് നഷ്ടപ്പെട്ട പ്രതിപക്ഷ കക്ഷികളാകട്ടെ, ഈ പുതിയ മത-ദൈവ രാഷ്ട്രീയ മാതൃകയുടെ ജനകീയ പ്രചോദനത്തിന് അടിപ്പെടുകയും ചെയ്യുന്നു.
സംഘപരിവാരത്തിന്റെ മത-ദൈവ രാഷ്ട്രീയം ഇന്ത്യയ്ക്കാകെ ബാധകമെന്നു തോന്നിക്കുന്ന രാഷ്ട്രീയ മാതൃകയായത് എന്തുകൊണ്ടാണ്? സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണകൂടവും സമൂഹവും തമ്മില്‍ എങ്ങനെയാണ് ബന്ധപ്പെട്ടിരുന്നത് എന്ന പ്രശ്‌നം വിലയിരുത്തിക്കൊണ്ടു മാത്രമേ ഈ ചോദ്യത്തിന് ഉത്തരം കാണാനാവുകയുള്ളൂ.
മതേതരത്വവും ശാസ്ത്രീയതയും ഭരണഘടനാ മൂല്യങ്ങള്‍ ആയിരുന്നെങ്കിലും അവ ഇന്ത്യയുടെ പൊതുസമൂഹത്തിന്റെ ലോകബോധത്തിന്റെ ഭാഗമായിരുന്നില്ല. ജാതികള്‍ക്കും ദൈവങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ആചാര്യന്‍മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും തങ്ങളുടെ മനസ്സില്‍ മുന്‍തൂക്കം നല്‍കിയ ഭൂരിപക്ഷ ഇന്ത്യന്‍ ജനതയുടെ സ്വാഭാവികമായ അഭിലാഷമായിരുന്നില്ല, ഒരു മതേതര ഇന്ത്യ എന്നത്. നിരക്ഷരതയിലും അന്ധവിശ്വാസങ്ങളിലും മന്ത്രവാദത്തിലും ഭക്തിയിലും ആമഗ്നമായിരുന്ന ശരാശരി ഇന്ത്യന്‍ ജനതയുടെ അപക്വമായ രാഷ്ട്രീയ അഭിലാഷത്തെ അവര്‍ക്ക് പരിചിതമായ ബിംബാവലികളിലൂടെ ആവിഷ്‌കാരം നല്‍കിയത് ഗാന്ധിജിയാണ്. അതാണ് രാമരാജ്യം.
ഈ രാമരാജ്യമെന്ന പ്രതീകം വാസ്തവത്തില്‍ താത്ത്വികമായ തലത്തില്‍ എല്ലാ ആധുനിക മതേതര നിയമമൂല്യങ്ങളുടെയും നിരാസമാണ്. എന്നാല്‍, സാങ്കല്‍പിക രാമരാജ്യത്തിന്റെ പ്രാചീന സ്ഥാപനങ്ങളെയും മൂല്യവ്യവസ്ഥകളെയും ഉപയോഗിച്ചുകൊണ്ട് ഒരു ആധുനിക രാഷ്ട്രത്തിനു നിലനില്‍ക്കാനും സാധ്യമല്ല. 1947 ആഗസ്ത് 15ന് നിലവില്‍ വന്ന ഇന്ത്യയെ ഗ്രസിച്ച പ്രതിസന്ധി ഇതായിരുന്നു.
സ്വന്തം കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കു വേണ്ടിയായിരുന്നെങ്കിലും ബ്രിട്ടിഷുകാര്‍ ഇന്ത്യയില്‍ സ്ഥാപിച്ചത് ഭരണഘടനയിലും നിയമവാഴ്ചയിലും അധിഷ്ഠിതമായ ഒരു മതേതര റിപബ്ലിക്കന്‍ ഭരണകൂട സംവിധാനമായിരുന്നു. എന്നാല്‍, ദിവ്യപരിവേഷം ഉണ്ടായിരുന്ന ഗാന്ധിയുടെ വ്യക്തിപ്രഭാവം ശരാശരി ഇന്ത്യക്കാരുടെ രാഷ്ട്രീയ ഭാവനയെയും സാംസ്‌കാരിക ഭാവുകത്വത്തെയും രാമരാജ്യത്തിന്റെ മതമാസ്മരികതയ്ക്കു വിധേയമാക്കുകയാണ് ഉണ്ടായത്. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്നതോടെ രാഷ്ട്രീയ മതേതരത്വം ഒരു തത്ത്വമായി അംഗീകരിക്കപ്പെട്ടെങ്കിലും പൊതു സാംസ്‌കാരിക മണ്ഡലങ്ങള്‍ മതാധിഷ്ഠിതമായി തുടരുകയാണുണ്ടായത്.
പൊതു സാംസ്‌കാരിക മണ്ഡലങ്ങള്‍ മതേതരവല്‍ക്കരിക്കപ്പെടാതെ, അഥവാ സമൂഹം മതേതരവല്‍ക്കരിക്കപ്പെടാതെ രാഷ്ട്രീയ മതേതരത്വത്തിന് അതിജീവിക്കാനാവില്ല. നെഹ്‌റുവിനു ശേഷം ഇന്ത്യ ഭരിച്ച ഭരണാധികാരികള്‍ക്കൊന്നും സമൂഹത്തെയും സംസ്‌കാരത്തെയും മതേതരവല്‍ക്കരിക്കേണ്ടതിന്റെ ഗൗരവം മനസ്സിലായിട്ടില്ല. താല്‍ക്കാലികമായ തിരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കു വേണ്ടിയും ജനങ്ങളുടെ അപ്രീതി ഭയന്നും സാമൂഹിക മനസ്സിനെ മതേതരവല്‍ക്കരിക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. മാത്രവുമല്ല, ഗാന്ധിജിയുടെ മതമൈത്രിയെന്ന ആശയം ഇന്ത്യന്‍ മതേതരത്വത്തെ സര്‍വധര്‍മ സമഭാവനയെന്ന് വികലമാക്കുകയും ചെയ്തു. ഭരണകൂടവുമായി വിലപേശുന്ന പല മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും ഇടയിലെ 'നിഷ്പക്ഷ മധ്യസ്ഥര്‍' എന്ന പരിവേഷം ആര്‍ജിച്ച ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെട്ടുകൊണ്ടിരുന്നു.
രാഷ്ട്രീയ മതേതരത്വം സാമൂഹിക മതേതരത്വമായി പരിവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടതോടെ പ്രാകൃത ജാതി ഇന്ത്യ ക്രമേണ പുനരാവാഹിക്കപ്പെടുകയാണ് ഉണ്ടായത്. 1980കളോടെ പുനരുദ്ധരിക്കപ്പെട്ടുകൊണ്ടിരുന്ന, പ്രാകൃത ജാതി ഇന്ത്യയുടെ പരസ്യ രാഷ്ട്രീയ വക്താവായി സംഘപരിവാരം രംഗത്തുവന്നതോടെ അതു കൂടുതല്‍ സാധൂകരിക്കപ്പെടുകയും ചെയ്തു. ഗാന്ധിജിയുടെ രാമരാജ്യത്തില്‍ അന്തര്‍ലീനമായ- ഒരുപക്ഷേ, ഗാന്ധിജിക്കു പോലും അജ്ഞാതമായ- പ്രാകൃത ജാതി ഇന്ത്യ ക്രമേണ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അലകും പിടിയും മാറ്റിമറിച്ചു. ജനപ്രീതിക്കു വേണ്ടിയാണെങ്കിലും പാരമ്പര്യത്തെയും മതത്തെയും രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുന്നതിന്റെ ഗാന്ധിയന്‍ മഹാദുരന്തത്തിന്റെ പരിണിതഫലമാണ് സംഘപരിവാരത്തിലൂടെ പുനരാവാഹിക്കപ്പെട്ട പ്രാകൃത ജാതി ഇന്ത്യ.
വംശസ്മൃതികളില്‍ മുദ്രിതമായ സവര്‍ണബോധം ഒരര്‍ഥത്തില്‍ അതിന്റെ തന്നെ രാഷ്ട്രീയത്തെ ദുര്‍ബലമാക്കുന്ന ശക്തിയുമാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ താല്‍പര്യവും പ്രത്യയശാസ്ത്ര-സാംസ്‌കാരിക ബോധവും തമ്മിലുള്ള സംഘര്‍ഷമാണ് സമകാലിക രാഷ്ട്രീയത്തെ അപ്രവചനാതീതമാക്കുന്ന പ്രവണത. ഈ പ്രവണത ബിജെപിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും അപ്പുറമാണ്. പ്രാകൃത ജാതി ഇന്ത്യയുടെ സൂക്ഷ്മ ഘടനകള്‍ക്കു സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ ബിജെപിക്കു പോലും അപരിഹാര്യമാണ്. ി

(കടപ്പാട്: ജനശക്തി, 2018 ഒക്‌ടോബര്‍ 1)

RELATED STORIES

Share it
Top