മത പ്രബോധകരെ വേട്ടയാടുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം: മുനവ്വറലി ശിഹാബ് തങ്ങള്‍

തൃശൂര്‍: രാജ്യത്തിന്റെ  ഭരണഘടന അനുശാസിക്കുംവിധം മത പ്രബോധനം നടത്തുന്ന മതപ്രഭാഷകരെ നിരന്തരമായി വേട്ടയാടുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തൃശൂര്‍ സീതിസാഹിബ് സൗധത്തില്‍ യൂത്ത് ലീഗ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുവശത്ത് ഇടതുപക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുകയും മറുവശത്ത് നൃൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ അന്യായമായി കേസെടുത്ത് പീഡിപ്പിക്കുകയുമാണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ ഇത്തരം തെറ്റായ നീക്കങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അരക്ഷിതബോധം സൃഷ്ടിക്കും. അതിനാല്‍ തെറ്റായ നടപടികളില്‍ നിന്നും ഇടതുസര്‍ക്കാര്‍ പിന്‍മാറണമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മണ്ണാര്‍ക്കാട്ടെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെയും കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെയും ആസുത്രിത കൊലപാതകങ്ങള്‍ ഭരണകൂടത്തിന്റെ വിഴ്ചയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.
ഭരിക്കുന്ന പാര്‍ട്ടിയുടെ ഒത്താശയോടെ നടക്കുന്ന കൊലപാതകങ്ങള്‍ കേരളീയ സമൂഹത്തിന്റെ സമാധാനന്തരീഷത്തിന് ഗുണകരമല്ല. അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍മാറണമെന്നും നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തിനൊപ്പം നില്‍ക്കുന്നവരായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാറണമെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ കെ അഫ്‌സല്‍ അദ്ധ്യക്ഷനായിരുന്നു.

RELATED STORIES

Share it
Top