മത്തിക്കായല്‍ ശുചീകരണം: മാലിന്യം നീക്കല്‍ തുടങ്ങി; പിന്തുണയുമായി ബ്ലോക്ക് പഞ്ചായത്ത്

ചാവക്കാട്: മത്തിക്കായലിനെ മാലിന്യത്തില്‍നിന്ന് മോചിപ്പിച്ച് പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കാനുള്ള പരിശ്രമം തുടരുന്നു. മാലിന്യം നിറഞ്ഞ മത്തിക്കായലില്‍നിന്ന് എസ്‌കവേറ്റര്‍ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുന്ന ജോലി കഴിഞ്ഞ ദിവസം തുടങ്ങി. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന യന്ത്രമുപയോഗിച്ച് കായലിലെ ചെളിയും മാലിന്യങ്ങളും പുറത്തേക്കെടുക്കുകയാണു ചെയ്യുന്നത്.
ജനകീയ മത്തിക്കായല്‍ സംരക്ഷണസമിതി എന്നപേരില്‍ കൂട്ടായ്മ രൂപവല്‍കരിച്ചാണ് പ്രവര്‍ത്തനം. കടപ്പുറം പഞ്ചായത്തില്‍ 16 കിലോമീറ്റര്‍ ദൂരത്തിലാണ് മത്തിക്കായല്‍ ഒഴുകുന്നത്. നാട്ടുകാരില്‍നിന്ന് പിരിച്ചെടുത്ത തുകകൊണ്ടാണ് ശുചീകരണം നടത്തുന്നത്. ഇത്രയും ദൂരം യന്ത്രമുപയോഗിച്ച് ശുചീകരിക്കാന്‍ ഭീമമായ തുക വേണ്ടിവരുമെങ്കിലും മത്തിക്കായല്‍ ശുചീകരണത്തില്‍നിന്ന് പിന്മാറാന്‍ സമിതി പ്രവര്‍ത്തകര്‍ തയ്യാറല്ല. കനാലിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നാണ് പ്രവര്‍ത്തകരുടെ നയം.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വമിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ മത്തിക്കായല്‍ ശുചീകരണത്തിന് അനുവദിക്കാന്‍ തയ്യാറാണെന്ന് സ്ഥലത്തെത്തിയ ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് പറഞ്ഞു. ബ്ലോക്ക് ഭരണസമിതി ഇതിനുള്ള അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ ഈ തുക മത്തിക്കായലിനായി ഉപയോഗിക്കും. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ തുകയുപയോഗിച്ച് ചെയ്യാന്‍പോകുന്ന പ്രവൃത്തിയെക്കുറിച്ച് പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണം.
ഇപ്പോള്‍ ജനകീയ സംരക്ഷണസമിതി ചെയ്യുന്ന ജോലി വിജയകരമാണെന്നുകണ്ടാല്‍ ഇത് അടിസ്ഥാനമാക്കിയായിരിക്കും പദ്ധതി സമര്‍പ്പിക്കുകയെന്ന് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ പിന്തുണ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് പുതിയ ഊര്‍ജ്ജമായിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് മത്തിക്കായല്‍ ശുചീകരണജോലി തുടങ്ങിവെയ്ക്കാന്‍ സമിതിപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ്, മത്തിക്കായല്‍ ജനകീയ സംരക്ഷണസമിതി ഭാരവാഹികളായ ആര്‍ വി സുല്‍ഫിക്കര്‍, ഖലീല്‍, റഷീദ് ചാലില്‍, ദിനേശ് പുന്നയില്‍, ഷഹീര്‍ ബാബു, മൂസാ ഹാജി, ടി കെ അബ്ദുല്‍ സലാം, ജലീല്‍ എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top