മത്തിക്കായല്‍ ശുചീകരണം ഏറ്റെടുക്കണം: എസ്ഡിപിഐ

ചാവക്കാട്: മത്തിക്കായലിനെ മാലിന്യത്തില്‍നിന്ന് മോചിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കടപ്പുറം പഞ്ചായത്തില്‍ കൂട്ടായ്മ രൂപവത്കരിച്ച് നാട്ടുകാര്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തുക ചെലവഴിക്കേണ്ടി വരുമെന്നിരിക്കെ മത്തിക്കായല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാതെ കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയും മത്തിക്കായല്‍ കടന്നു പോകുന്ന പഞ്ചായത്ത് ഭരണാധികാരികളും ഒളിച്ചുകളി നടത്തുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
എംഎല്‍എയും പഞ്ചായത്ത് ഭരണാധികാരികളും ഈ പ്രവൃത്തിക്കു നേരം മുഖം തിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇനിയും ഇതേ നിലപാട് സ്വീകരിച്ചാല്‍ ജനകീയ സമര പരിപാടികളുമായി എസ്ഡിപിഐ രംഗത്തു വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
നിയോജക മണ്ഡലം പ്രസിഡന്റ് ടി എം അക്ബര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എച്ച് ഷാജഹാന്‍, ഷമീര്‍ ബ്രോഡ് വേ, ഹുസയ്ന്‍ ഹാഷ്മി, കരീം ചെറായി, അന്‍വര്‍ സാദിക്ക്, ടി എസ് സെക്കീര്‍ സംസാരിച്ചു.

RELATED STORIES

Share it
Top