മത്തിക്കായലിന്റെ ശുചീകരണം: സഹായം നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്

ചാവക്കാട്: തീരപ്രദേശത്തെ പ്രധാന ജലാശയങ്ങളിലൊന്നായ മത്തിക്കായലിന്റെ ശുചീകരണത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
കടപ്പുറം പഞ്ചായത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മത്തിക്കായല്‍ ജനകീയ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ശുചീകരണം ആരംഭിച്ചിരുന്നു. മത്തിക്കായലിനെ മാലിന്യമുക്തമാക്കി മികച്ച കുടിവെള്ളസ്രോതസ്സാക്കി പഴയപ്രതാപത്തിലേയ്ക്കു തിരിച്ചുകൊണ്ടുവരാന്‍ സമിതി നടത്തുന്ന പ്രവര്‍ത്തനത്തില്‍ സഹകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് പറഞ്ഞു.
സമിതിയുടെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മത്തിക്കായല്‍ 100 മീറ്റര്‍ ദൂരം ശുചീകരിക്കണം. ഇത് വിജയിച്ചാല്‍ ബ്ലോക്ക് പഞ്ചായത്ത് മത്തിക്കായലിന്റെ സംരക്ഷണത്തിനും ശുചീകരണത്തിനുമായി തുക അനുവദിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.
മത്തിക്കായലിന്റെ സംരക്ഷണത്തിനുവേണ്ട കാര്യങ്ങള്‍ പഠിക്കുന്നതിനും മറ്റുമായി 19 വരെ ജലസേചനം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മത്തിക്കായല്‍ സന്ദര്‍ശിക്കും. ഇവരില്‍നിന്ന് ഉരുത്തിരിയുന്ന ആശയങ്ങളുമായി 20ന് സമിതിയംഗങ്ങള്‍ ബ്ലോക്ക് അധികൃതരുമായി ചര്‍ച്ചനടത്തി ഭാവിപരിപാടികള്‍ തീരുമാനിക്കും.
ബ്ലോക്ക് ബിഡിഒ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ അബൂബക്കര്‍ ഹാജി, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

RELATED STORIES

Share it
Top