മതേതര ദേശീയതയുടെ അജണ്ട

ഡോ. വര്‍ഗീസ് ജോര്‍ജ്

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വിഷയങ്ങളില്‍ റഫേല്‍ യുദ്ധവിമാന ഇടപാട് സജീവമാക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിശ്ചയത്തോട് പ്രതിപക്ഷ കക്ഷികളില്‍ നിന്നു വ്യാപക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫ്രാന്‍സിലെ ഡാസോ കമ്പനി നിര്‍മിക്കുന്ന റഫേല്‍ യുദ്ധവിമാനങ്ങള്‍ 8.7 ബില്യന്‍ ഡോളര്‍ വിലയ്ക്കു വാങ്ങാനാണ് ഇന്ത്യ സമ്മതിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016ല്‍ നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തോടെയാണ് ഈ കരാറിനു തീരുമാനമായത്. 78 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്‍) പങ്കാളിയായി പരിഗണിക്കാതെയാണ് ഈ കച്ചവടം ഉറപ്പിച്ചത്.
സ്റ്റോക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ചിന്റെ വിലയിരുത്തല്‍ പ്രകാരം സൗദി അറേബ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ആയുധം വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. സാമ്പത്തിക തകര്‍ച്ച മൂലം മന്ദീഭവിച്ചിരിക്കുന്ന വികസിത രാജ്യങ്ങള്‍ക്ക് ഉത്തേജകമാണ് അറേബ്യന്‍ രാജ്യങ്ങളുടെയും മൂന്നാംലോക രാഷ്ട്രങ്ങളുടെയും ആയുധം വാങ്ങല്‍.
മഹാ ഭൂരിപക്ഷം ആളുകള്‍ക്കും ശുചിമുറിയില്ലെന്ന് ഗാന്ധിജയന്തി ദിനത്തില്‍ വിലപിക്കുന്ന നേതാക്കള്‍ തന്നെയാണ് ദുര്‍ലഭമായ വിദേശനാണ്യം ഉപയോഗിച്ച് ഇപ്രകാരം ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. ഒരു ടാങ്ക് വാങ്ങുന്ന തുക കൊണ്ട് 2000 പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിക്കാമെന്ന് ഒരിക്കല്‍ നൈനാന്‍ കോശി എഴുതിയിരുന്നു. നമ്മുടെ ബജറ്റ് വരുമാനത്തിന്റെ ആറു ശതമാനമാണ് സൈനിക ചെലവുകള്‍ക്കു വേണ്ടി നീക്കിവയ്ക്കുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടി കേവലം രണ്ടര ശതമാനവും.
ഈ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് ആര്‍ക്കെതിരേയാണ് എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. രണ്ടാഴ്ച മുമ്പ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമേരിക്കന്‍ സൈനിക മന്ത്രാലയവുമായി ഒരു കരാര്‍ ഒപ്പിട്ടിരുന്നു. അമേരിക്ക നിര്‍മിക്കുന്ന എല്ലാ ആധുനിക ആയുധങ്ങളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഇന്ത്യക്കു വില്‍ക്കുന്നതിന് ഇനി വിലക്കില്ലെന്നതാണ് ഈ കരാറിന്റെ പ്രമേയം.
ഇന്ത്യ ഈ നിരീക്ഷണ സംവിധാനം ഉപയോഗിക്കേണ്ടത് ചൈനയുടെ മേലാണ്. ചൈനയെ വളയുക എന്ന അമേരിക്കന്‍ പ്രതിരോധ തന്ത്രത്തിനാണ് ഇന്ത്യയെ പങ്കാളിയാക്കിയിരിക്കുന്നത്.
ശക്തമായ ഒരു സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലൂടെയാണ് ഇന്ത്യ കൊളോണിയലിസത്തില്‍ നിന്നു മോചിതമായത്. എന്നാല്‍, മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സാമ്രാജ്യത്വ ആശ്രിത സാമ്പത്തിക നയങ്ങളോടൊപ്പം അമേരിക്കന്‍ സൈനിക മേല്‍ക്കോയ്മയും അംഗീകരിച്ചു. അത് ഇന്തോ-അമേരിക്കന്‍ ആണവ കരാറിലാണ് രാജ്യത്തെ എത്തിച്ചത്.
മൂന്നാംലോക രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാവേണ്ടത് വികസിത രാജ്യങ്ങളുടെ ആവശ്യമാണ്. യുദ്ധം ഉണ്ടായില്ലെങ്കില്‍ ഉടനെയുണ്ടാവുമെന്ന തോന്നല്‍ സൃഷ്ടിച്ചാല്‍ മതി. ഉടനെത്തന്നെ ഈ രാജ്യങ്ങളില്‍ യുദ്ധലോബികള്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ അതതു ഗവണ്‍മെന്റുകളെ പ്രോല്‍സാഹിപ്പിക്കും. അപ്പോള്‍ സാമ്പത്തിക മാന്ദ്യത്തില്‍ തളര്‍ന്നുകിടക്കുന്ന യൂറോപ്യന്‍ യൂനിയന്റെ സമ്പദ്ഘടന സജീവമാകും. കാരണം, യൂറോപ്പില്‍ ഇപ്പോള്‍ ഉല്‍പാദന മേഖലയിലെ പകുതിയും ആയുധങ്ങളും യുദ്ധവാഹനങ്ങളുമാണ്.
ആസന്നമായ പൊതുതിരഞ്ഞെടുപ്പില്‍ സൈനികതയും സൈനികതയില്‍ അധിഷ്ഠിതമായ ദേശീയതയും ആയിരിക്കും ബിജെപി മുന്നില്‍ വയ്ക്കുന്ന ഒരു പ്രമേയം. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവര്‍ ആര്‍എസ്എസില്‍ നിന്നുള്ളവരാണ്. അവര്‍ അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.
ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന തത്ത്വശാസ്ത്രം സാംസ്‌കാരിക ദേശീയതയാണ്. ഇത് സൈനികതയുമായും ബന്ധപ്പെട്ടിരിക്കുന്നു. സൈനികരെപ്പോലെ ആര്‍എസ്എസിനും യൂനിഫോമുണ്ട്. മുകളില്‍ നിന്നു താഴേക്ക് ആജ്ഞ കൊടുത്താല്‍ തല്‍ക്ഷണം അനുസരിക്കേണ്ടതുണ്ട്. സൈന്യത്തെപ്പോലെ ആര്‍എസ്എസിനും ഒരു ശത്രുവുണ്ട്. അതു മതപരമാവാം, പ്രത്യയശാസ്ത്രപരമാവാം. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ബിജെപി പ്രയോജനപ്പെടുത്തിയത് ഓര്‍ക്കുമല്ലോ. അതിനാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാകിസ്താനെയും ചൈനയെയും കടുത്ത ശത്രുക്കളായി ചിത്രീകരിച്ച് സങ്കുചിത ദേശീയത വിജൃംഭിപ്പിക്കാന്‍ ബിജെപി പരിശ്രമിക്കും.
പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപി ഒരുക്കുന്ന ഈ കെണി എത്രയും വേഗം മനസ്സിലാക്കിയാല്‍ അത്രയും നല്ലത്. ചൈനയും പാകിസ്താനുമായി സമാധാനപരമായ സഹവര്‍ത്തിത്വമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ മാനിഫെസ്റ്റോയില്‍ പ്രഖ്യാപിക്കണം. ഫലസ്തീനികളുടെ മേല്‍ ഗസയില്‍ കൂട്ടക്കുരുതി തുടരുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിച്ചത് അര്‍ഥഗര്‍ഭമാണ്. സാര്‍വദേശീയ രാഷ്ട്രീയത്തില്‍ ഒരു പുതിയ അച്ചുതണ്ട് രൂപപ്പെടുകയാണ്. ഇന്ത്യ-ഇസ്രായേല്‍-അമേരിക്ക അച്ചുതണ്ട്.
അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍ ആദ്യം നടത്തിയ പ്രഖ്യാപനം ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കും എന്നതായിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ അസമില്‍ ദശാബ്ദങ്ങളായി അവിടെ താമസിക്കുന്ന മുസ്‌ലിം പൗരന്‍മാരെ ദേശീയ രജിസ്റ്റര്‍ തയ്യാറാക്കി പൗരത്വപട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.
ഈ മുസ്‌ലിം വിരുദ്ധത ഹിന്ദു ഏകീകരണത്തിനു വഴി തെളിയിക്കുകയും ഡിസംബറോടെ രാമജന്‍മഭൂമി പ്രശ്‌നം ഒരിക്കല്‍ കൂടി കുത്തിപ്പൊക്കുകയും ചെയ്താല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൈവരിക്കാമെന്നാണ് ബിജെപി കരുതുന്നത്. മുസ്‌ലിം യുവാവിനെതിരേ ആള്‍ക്കൂട്ട ആക്രമണം നടത്താന്‍ നേതൃത്വം കൊടുത്ത പ്രധാന പ്രതിയെ ഒരു കേന്ദ്രമന്ത്രി നേരിട്ടു ചെന്ന് മാലയിട്ടു സ്വീകരിച്ചത് ഇതിന്റെ തെളിവാണ്. അതിനാല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ മൃദുഹിന്ദുത്വത്തിന്റെ എല്ലാ പ്രരൂപങ്ങളും ഉപേക്ഷിച്ച് മതേതര ദേശീയതയുടെ അജണ്ട പ്രഖ്യാപിക്കണം. ി

(കടപ്പാട്: ജനശക്തി,
2018 ഒക്ടോബര്‍ 1-15)

RELATED STORIES

Share it
Top