മതേതരത്വത്തിനെതിരേയുള്ള വെല്ലുവിളി ഗൗരവത്തോടെ കാണണം: ചെന്നിത്തല

സലഫി നഗര്‍ (കൂരിയാട്): രാജ്യത്തിന്റെ ജീവവായുവായ മതേതരത്വത്തിനെതിരെയുള്ള വെല്ലുവിളിയും കടന്നാക്രമണവും അങ്ങേയറ്റം ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ആദര്‍ശ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ഇന്ത്യയുടെ മുഖമുദ്ര. നമ്മുടെ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന ഈ സ്വഭാവം ലോകരാജ്യങ്ങള്‍ അദ്ഭുതത്തോടുകൂടി കാണുന്നതാണ്. ഇന്ത്യാ മഹാരാജ്യത്ത് വിവിധ ജാതികളും മതങ്ങളുമുണ്ട്. ഇവര്‍ക്കിടയില്‍ യോജിപ്പും രമ്യതയുമാണാവശ്യം. രമേശ് ചെന്നിത്തല പറഞ്ഞു. മുജാഹിദ് സമ്മേളനം ഇന്ന് സമാപിക്കും. ചതുര്‍ദിന സമ്മേളനത്തിന്റെ ശ്രദ്ധേയമായ സമ്പൂര്‍ണ പഠനക്യാംപ് ഇന്ന് അവസാനിക്കുന്നതോടെ സമാപന പൊതുസമ്മേളനം ആരംഭിക്കും. വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യും.  എം എ യൂസുഫലി, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുല്‍ വഹാബ് എംപി പങ്കെടുക്കും. കെഎന്‍എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി അദ്ധ്യക്ഷതവഹിക്കും.സമാപന ദിവസമായ ഇന്ന് 8.30ന് പ്രധാന പന്തലില്‍ വിദ്യാര്‍ത്ഥി സമ്മേളനം, ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ സമ്മേളനം ഡോ. മുഹമ്മദ് ഷാനും സാമ്പത്തിക സമ്മേളനം രാവിലെ 9 മണിക്ക് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. 10 മണിക്ക് ചരിത്ര സമ്മേളനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 11.30ന് വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍  ഖൈറുല്‍ ഹസ്സന്‍ റിസ്‌വി ഉദ്ഘാടനം ചെയ്യും. നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീമും ന്യൂനപക്ഷ സമ്മേളനം പ്രഫ. എ പി അബ്ദുല്‍ വഹാബും ഉദ്ഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് 2 മണിക്ക് പ്രധാന വേദിയില്‍ മനുഷ്യാവകാശ സമ്മേളനം മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. എം പി അബ്ദുസ്സമദ് സമദാനി, അഡ്വ. പി എ പൗരന്‍, കെ വി തോമസ് എംപി, എം ഐ ഷാനവാസ് എംപി, കെ മുരളീധരന്‍ എംഎല്‍എ, വി കെ സി മമ്മദ്‌കോയ എംഎല്‍എ പങ്കെടുക്കും.

RELATED STORIES

Share it
Top