മതസൗഹാര്‍ദത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രസ്താവന അപലപനീയം: എഐവൈഎഫ്

മലപ്പുറം: ജില്ലയിലെ ദേശീയപാത വികസന വിഷയത്തില്‍ സമീപ ദിവസങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണെന്ന് എഐവൈഎഫ് ജില്ലാ കമ്മിറ്റി വിലയിരുത്തി. സര്‍വേയുടെ പേരില്‍ പോലിസ് നടത്തിയ നരനായാട്ട് ഇടതുപക്ഷത്തിനുതന്നെ തീരാകളങ്കമാണ്. പോലിസ് അതിക്രമങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുകയും അവരുടെ പേരില്‍ അന്യായമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉപാധികളില്ലാതെ പിന്‍വലിക്കുകയും വേണം. വിഷയത്തില്‍ മന്ത്രിമാരും നേതാക്കളും മലപ്പുറം ജില്ലയുടെ മത സൗഹാര്‍ദ്ദ പാരമ്പര്യത്തെ പ്രതികൂട്ടില്‍ നിര്‍ത്തി നടത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രകോപനപരമായ പ്രസ്തവനകള്‍ കമ്യുണിസ്റ്റ് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ചേര്‍ന്നതല്ല.
അലൈന്‍മെന്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്്‌ലിം ലീഗ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. ലീഗിന്റെ നേതൃത്വത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ആദ്യം സര്‍വേ അംഗീകരിക്കുകയും ഇപ്പോള്‍ എതിര്‍ത്ത് രംഗത്തുവരുകയും ചെയ്യുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവച്ചാണ്. ഇക്കാര്യത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി ഉള്‍പ്പെടെയുള്ളവര്‍ മറുപടി പറയണമെന്നും എഐവൈഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം കെ മുഹമ്മദ് സലീം, സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, പി ടി ഷറഫുദ്ദീന്‍, അഡ്വ. കെ കെ സമദ്, ഷഫീര്‍ കിഴിശ്ശേരി സംസാരിച്ചു.

RELATED STORIES

Share it
Top