മതസൗഹാര്‍ദം വിളിച്ചോതി മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രോല്‍സവത്തിനെത്തി

നീലേശ്വരം: മതങ്ങള്‍ക്കപ്പുറം ദൈവം ഒന്നാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ ചീര്‍മ്മക്കാവ് ക്ഷേത്രത്തില്‍ നടന്ന മതസൗഹാര്‍ദ്ദ സംഗമം. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് ക്ഷേത്രത്തിന് സമീപമുള്ള ചിറപ്പുറം ദാറുല്‍ ഇസ്്‌ലാം ജമാഅത്ത്, പേരോല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ നിന്നുമുള്ള ഭാരവാഹികള്‍ എത്തിയത്.
കഴിഞ്ഞ 20 മുതല്‍ നടന്നു വരുന്ന പുന:പ്രതിഷ്ഠ ബ്രഹ്മകലശോല്‍സവത്തിന്റെ ഭാഗമായാണ് പള്ളിക്കമ്മിറ്റിക്കാര്‍ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്ര സ്ഥാനികന്‍ ഭാസ്‌കരന്‍ ആയത്താര്‍, ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ കെ സി മാനവര്‍മ്മരാജ, വര്‍ക്കിങ് ചെയര്‍മാന്‍ പുരുഷോത്തമന്‍ പുളിക്കാല്‍,  കെ വി രാജീവന്‍, കെ ദിനേശ് കുമാര്‍ കുണ്ടേന്‍ വയല്‍, വിനോദ് കുമാര്‍ അരമന എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചു.
ചിറപ്പുറം ദാറുല്‍ ഇസ്്‌ലാം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എം അബ്ദുല്‍ സലാം, ഭാരവാഹികളായ എ അബ്ദുര്‍ റസാക്ക്, കെ സലിം, എന്‍ പി മൊയ്തു, ബി സുലൈന്‍മാന്‍ മൗലവി, ഫൈസല്‍ പേരോല്‍, പി ടി നൗഷാദ്, മുഹമ്മദ് ഹാജി പാലായി എന്നിവര്‍ സംസാരിച്ചു. ഭക്ഷണത്തിനാവശ്യമായ ഫല ധാന്യങ്ങളുമായാണ് അവര്‍ എത്തിയത്. തുടര്‍ന്ന് അന്നദാനത്തിലും സംബന്ധിച്ചു.

RELATED STORIES

Share it
Top