മതസ്വാതന്ത്ര്യ നിരീക്ഷണ പട്ടികയില്‍ യുഎസ് പാകിസ്താനെ ഉള്‍പ്പെടുത്തി

വാഷിങ്ടണ്‍: യുഎസിന്റെ മതസ്വാതന്ത്ര്യ നിരീക്ഷണ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് രൂക്ഷമാവുന്നതിനിടെയാണ് യുഎസിന്റെ നീക്കം. മത സ്വാതന്ത്ര്യം ഗുരുതരമായി ലംഘിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്തുന്നതായി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പാകിസ്താനു പുറമേ മറ്റ് 10 രാജ്യങ്ങളെയും പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ പാകിസ്താന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.അന്താരാഷ്ട്ര മതസ്വാതന്ത്ര്യനിയമപ്രകാരം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ പട്ടിക പുനര്‍നിശ്ചയിച്ചതായും പുതിയ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്തിയെന്നുമാണ് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നോവെര്‍ട്ട് അറിയിച്ചത്. 1998ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് യുഎസ് എല്ലാ വര്‍ഷവും പട്ടിക പ്രസിദ്ധീകരിക്കുന്നത്. മ്യാന്‍മര്‍, ചൈന, ഉത്തരകൊറിയ, എരിത്രിയ, ഉസ്‌ബെക്കിസ്താന്‍, സൗദി അറേബ്യ, ഇറാന്‍, തുര്‍ക്‌മെനിസ്താന്‍, താജികിസ്താന്‍, എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.ഇഷ്ടമതം സ്വീകരിച്ചതിന്റെ പേരില്‍ നിരവധി പേര്‍ ഈ രാജ്യങ്ങളില്‍ ആക്രമണത്തിനിരയായെന്നും മതന്യൂനപക്ഷങ്ങള്‍ വലിയതോതില്‍ ആക്രമണത്തിന് ഇരയാവുന്നുവെന്നും സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

RELATED STORIES

Share it
Top