മതസ്പര്‍ധ കേസുകളുടെ കണക്ക് വ്യക്തമാക്കണം: ന്യൂനപക്ഷ കമ്മീഷന്‍

തൃശൂര്‍: സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്തുന്നവിധം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേയുള്ള വകുപ്പനുസരിച്ച് എത്ര കേസുകള്‍, ആര്‍ക്കൊക്കെ എതിരേ എടുത്തുവെന്നത് ഒരുമാസത്തിനകം വ്യക്തമാക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍. ഇതുസംബന്ധിച്ച് സത്യവാങ്മൂലം നല്‍കുമെന്ന് ക്രൈംബ്രാഞ്ച് എസ്പി ന്യൂനപക്ഷ കമ്മീഷന്‍ മുമ്പാകെ ഉറപ്പുനല്‍കി.
നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബറിന്റെ അറസ്റ്റില്‍ വിവേചനമുണ്ടെന്നും അക്ബറിനെതിരേ ചുമത്തിയ വകുപ്പുകള്‍ അനുസരിച്ച് ആര്‍ക്കെല്ലാമെതിരേ നടപടികളെടുത്തുവെന്നു വ്യക്തമാക്കണമെന്നും കാട്ടി തൃശൂര്‍ സ്വദേശി കെ കെ കൊച്ചുമുഹമ്മദ് സമര്‍പ്പിച്ച ഹരജിയിലാണ് ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ മുമ്പാകെ ക്രൈംബ്രാഞ്ച് എസ്പി ഉറപ്പുനല്‍കിയത്. അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്‌കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പാഠ—ങ്ങള്‍ പഠിപ്പിക്കുന്നുവെന്ന പരാതിയിന്മേലാണ് വിദേശത്തായിരുന്ന അക്ബറിനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. അതേസമയം, സമാന വകുപ്പ് ചുമത്തി കേസെടുത്ത സംഘപരിവാരപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കെ കെ കൊച്ചുമുഹമ്മദ് ഹരജി നല്‍കിയത്.
തൃശൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിങില്‍ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി 49 കേസുകള്‍ പരിഗണിച്ചു. മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലെന്ന പറവട്ടാനി ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ പരാതിയിന്മേല്‍ മൂന്നുമാസത്തിനകം സ്ഥലം കണ്ടെത്തി നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശം നല്‍കി. അടുത്ത സിറ്റിങ് ഏപ്രില്‍ 17നു നടക്കും.

RELATED STORIES

Share it
Top