മതനേതാക്കള്‍ പ്രതിസന്ധിയില്‍ ഒളിച്ചോടുന്നു: നാസറുദ്ദീന്‍ എളമരം

കോഴിക്കോട്:  കേന്ദ്രത്തിലെ നരേന്ദ്രമോദി ഭരണത്തിന് കീഴില്‍ വിശ്വാസ സ്വാതന്ത്ര്യമുള്‍പ്പടെ ചോദ്യം ചെയ്യപ്പെടുന്ന പ്രതിസന്ധി ഘട്ടത്തില്‍ മുസ്‌ലിം മതസംഘടനാ നേതാക്കള്‍ മിക്കവരും പ്രതിഷേധിക്കാതെ ഒളിച്ചോടുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം.
കെ പി കേശവമേനോന്‍ ഹാളില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച തഹാഫുസെ ശരീഅത്ത് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ മുന്നില്‍ നിന്ന് പ്രതിരോധിക്കേണ്ട സമുദായ നേതാക്കളില്‍ പലരും ഒഴുക്കിനനുസരിച്ച് നീന്തുകയാണ്. ഇത് മുസ്‌ലിം സമുദായത്തെ കൂടുതല്‍ അപകടത്തിലാക്കും.
ബിജെപിയുമായി ഒത്തുചേര്‍ന്നല്ലാതെ മുസ്‌ലിങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് പ്രചരിപ്പിക്കുന്ന മുസ്‌ലിം സംഘടനാ നേതാക്കളുണ്ട്. മുസ്‌ലിം സമുദായത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനാണ് രാജ്യത്ത് ശ്രമം നടക്കുന്നത്. രാജ്യത്ത് നടമാടുന്ന ഹിംസയോടും മുഷ്‌കിന്റെ രാഷ്ട്രീയത്തോടും ചേര്‍ന്ന് നില്‍ക്കാനാണ് സാമ്പ്രദായിക പ്രസ്ഥാനങ്ങളും മതസംഘടനകളും ശ്രമിക്കുന്നത്.
മതപ്രബോധകരെയും പണ്ഡിതരെയും ലക്ഷ്യമിട്ട് വളരെ ആസൂത്രിത നീക്കങ്ങളാണ് സംഘപരിവാറും ഭരണകൂടവും നടത്തികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സിലിനെ പോലുള്ള സംഘടനകള്‍ക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ടെന്നും നാസറുദ്ദീന്‍ പറഞ്ഞു.

RELATED STORIES

Share it
Top