മതനിരപേക്ഷത ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രസ്താവന:ഹെഗ്‌ഡെ മാപ്പു പറഞ്ഞു

ന്യൂഡല്‍ഹി: മതനിരപേക്ഷത എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അന്ത്കുമാര്‍ ഹെഗ്‌ഡെ ലോക്‌സഭയില്‍ മാപ്പുപറഞ്ഞു.ഹെഗ്‌ഡെയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ലോക്‌സഭയില്‍ ബഹളം തുടര്‍ന്നതോടെയാണ് വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ മാപ്പു പറഞ്ഞത്.തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഭരണഘടനയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും ഹെഗ്‌ഡെ പറഞ്ഞു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുപറയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മതേതരം എന്ന വാക്കുള്‍പ്പെടുന്ന ഭരണഘടന രാജ്യത്തെ ഭരണകക്ഷിയായ ബിജെപി ഉടന്‍ തിരുത്തുമെന്നായിരുന്നു ഹെഗ്‌ഡെയുടെ വിവാദ പ്രസ്താവന. മതേതരവാദികള്‍ സ്വന്തം സ്വത്വത്തെക്കുറിച്ച് ബോധ്യമില്ലാത്തവരാണെന്നും മന്ത്രി പറയുന്നു. മതേതരവാദികള്‍ എന്നു പറയുന്നവര്‍ അവര്‍ ഏതു മതസ്ഥരാണോ, അത് അഭിമാനത്തോടെ പറയണം. പൈതൃകത്തെക്കുറിച്ച് ബോധമില്ലാതെയാണ് അവര്‍ മതേതരരെന്നും ബുദ്ധിജീവികെളന്നും പറയുന്നത്. ഭരണഘടന മതേതരമായതിനാല്‍ അത് അംഗീകരിക്കണമെന്നാണു ചിലര്‍ പറയുന്നത്. എന്നാല്‍ ഭരണഘടന പല തവണ മാറ്റിയിട്ടുണ്ടെന്നും അതു ഭാവിയില്‍ മാറ്റുമെന്നും അതിനാണു തങ്ങള്‍ ഇവിടെയുള്ളതെന്നുമായിരുന്നു ഹെഗ്‌ഡെയുടെ പ്രസ്താവന.

RELATED STORIES

Share it
Top