മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ എസ്പിസിക്ക് കഴിഞ്ഞു: മുഖ്യമന്ത്

രിതൃശൂര്‍: ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ സ്റ്റുഡന്റ് പോലിസ് കേഡറ്റിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാമവര്‍മ്മപുരം പോലിസ് അക്കാദമിയില്‍ സ്റ്റുഡന്റ് പോലിസ് കേഡറ്റ് സംസ്ഥാനതല ക്വിസ് മല്‍സരോദ്ഘാടനവും വിജയികള്‍ക്കുളള സമ്മാനദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളിലൂടെ പ്രതിബദ്ധതയുളള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ എസ് പി സി സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. വികസനാത്മകമായ ഒട്ടേറെ കാര്യങ്ങള്‍ ആര്‍ജ്ജിക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. കേരളം മതരനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന ഇടമാണ്. ഇത് രൂപപ്പെട്ടത് പൊതുവിദ്യാലയ സംവിധാനത്തിലൂടെയാണ്. വിവിധതരം ആചാരാനുഷ്ഠാന, വിശ്വാസങ്ങള്‍വെച്ചു പുലര്‍ത്തുന്നവരാണെങ്കിലും മാനസികമായ അടുപ്പവും കൂട്ടായ്മയും രൂപപ്പെടുന്നതും കുട്ടികളിലൂടെയാണ്. എന്നാല്‍ ഇതിനിടയിലും വിദ്യാര്‍ഥി സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹികവിരുദ്ധ ശ്രമങ്ങളെയും നമുക്ക് കണ്ടില്ലെന്നും നടിക്കാനാവില്ല.
മയക്കുമരുന്നുപോലുളള ലഹരി വസ്തുക്കള്‍ വ്യാപിപ്പിച്ച് കൊളളലാഭം കൊയ്യാനും വിദ്യാര്‍ഥി സമൂഹത്തെ മാനുഷിക മൂല്യങ്ങളില്‍ നിന്നും അകറ്റാനും നടത്തുന്ന നീക്കങ്ങളെ സ്റ്റുഡന്റ് പോലിസ് സംവിധാനത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ മാതൃക പിന്തുര്‍ടന്ന് ഉത്തരാഘണ്ഡിലും കര്‍ണാടകയിലും മറ്റും എസ് പി സി സംവിധാനങ്ങള്‍ ആരംഭിക്കാനുളള ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. സ്‌നേഹം, കരുണ, നാടിനോടുളള പ്രതിബദ്ധത, പരസ്പര വിശ്വാസം, പരസ്പര പിന്തുണ എന്നിവ എസ് പി സി യിലൂടെ ആര്‍ജ്ജിക്കാന്‍ സാധിക്കും.
ഓരോത്തരുടെയും വ്യക്തിത്വത്തിലുളള മാറ്റം വളരെ നല്ല നിലയിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും കഴിയണമെന്നും സര്‍ക്കാരിന്റെ എല്ലാപിന്തുണയും ഇതിനായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനകം ഇരുപത്തയ്യായിരത്തിലധികം കേഡറ്റുകള്‍ക്ക് എസ് പി സി വഴി പരിശീലനം ലഭിച്ചു കഴിഞ്ഞു.
വിജയകരമായ രീതിയിലാണ് പദ്ധതി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. 2010 ല്‍ സംസ്ഥാനത്ത് ആരംഭം കുറിച്ച പദ്ധതി ഇപ്പോള്‍ 574 സ്‌കൂളികളില്‍ നടപ്പാക്കിക്കഴിഞ്ഞു. ഈ വര്‍ഷം 50 സ്‌കൂളുകളിലും അടുത്ത വര്‍ഷം 50 സക്ൂളികളിലും പദ്ധതി വ്യാപിപ്പിക്കും. അഡ്മിനിസ്‌ട്രേഷന്‍ ഐ ജി പി (പി എച്ച് ക്യൂ) പി വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പട്ടിക്കാട് ജി എച്ച് എസിലെ എസ് പി സി കേഡറ്റ് മുഫാസിന എസ് പി സി അനുഭവം പങ്കുവെച്ചു.
തൃശൂര്‍ റേഞ്ച് ഐ ജി എം ആര്‍ അജിത് കുമാര്‍, കേപ്പ് ഡി ഐ ജി അനൂപ് കുരുവിള ജോണ്‍, ജില്ലാ പോലിസ് മേധാവി (റൂറല്‍) യതീഷ് ചന്ദ്ര ജി എച്ച്, ഫെഡറല്‍ ബാങ്ക് റീജ്യണല്‍ മാനേജര്‍ ബിനോയ് അഗസ്റ്റിന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുരേഷ് കുമാര്‍ വിശിഷ്ടാതിഥികളായി.
എസ് പി സി സംസ്ഥാനതല ക്വിസ് മല്‍സരത്തില്‍ 1500 ഓളം പേര്‍ പങ്കെടുത്തു. 135 പോയിന്റോടെ കണ്ണൂര്‍ ജില്ലാ ഒന്നാം സ്ഥാനവും 120 പോയിന്റോടെ ഇടുക്കി ജില്ലാ രണ്ടാം സ്ഥാനവും 105 പോയിന്റോടെ കോഴിക്കോട് റൂറല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇവര്‍ക്ക് മുഖ്യമന്ത്രി ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി. ക്വിസ് മാസ്റ്റര്‍ ഹരിനാഥ് വിശ്വനാഥിന് മുഖ്യമന്ത്രി ഉപഹാരവും സമ്മാനിച്ചു.

RELATED STORIES

Share it
Top