മതത്തെ കൂട്ടുപിടിച്ച് ചിലര്‍ അക്രമവും വെറുപ്പും പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

കോഴിക്കോട്: മതങ്ങളേയും മതചിഹ്നങ്ങളേയും കൂട്ടുപിടിച്ച് ചിലര്‍ സമൂഹത്തില്‍ വെറുപ്പും അക്രമവും പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കേരള ഉമറാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പര സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് എല്ലാ മതങ്ങളും നല്‍കുന്നത്.
ഖുര്‍ആനും മുഹമ്മദ് നബിയും പറയുന്നതും മതത്തിലൂന്നിയ മാനവികദര്‍ശനമാണ്. സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ് നമ്മുടെ പാരമ്പര്യം. എന്നാല്‍, ഇവയെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്.
വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ചിലര്‍ മതത്തെ ഉപയോഗിക്കുന്നു. കലാപം പടര്‍ത്തി രാജ്യത്തെ ഛിദ്രീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി ജഡ്ജി സി കെ എ റഹീം മുഖ്യാതിഥിയായി.
സയ്യിദ് അലി ബാഫഖി തങ്ങള്‍, എ പ്രദീപ്കുമാര്‍ എംഎല്‍എ, പി ടി എ റഹീം എംഎല്‍എ, ഡോ. ഹുസയ്ന്‍, ബഷീര്‍ പടിയത്ത്, എസ് എസ് എ ഖാദിര്‍ഹാജി, ഫ്‌ളോറ ഹസന്‍ഹാജി, ഡോ. മന്‍സൂര്‍ ഹാജി, എ പി അബ്ദുല്‍ കരീം ഹാജി, അപ്പോളോ മൂസഹാജി തു ടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top