മതചിട്ട പുലര്‍ത്തുന്നവരെ നിരീക്ഷിക്കാന്‍ സിപിഎം പ്രത്യേക സെല്‍?

തിരുവനന്തപുരം: മതചിട്ട പുലര്‍ത്തുന്ന മുസ്‌ലിംകളായ പ്രവര്‍ത്തകരെ പ്രത്യേകം നിരീക്ഷിക്കാന്‍ സിപിഎം പ്രത്യേക സെല്‍ രൂപീകരിക്കുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. തീവ്രസ്വഭാവമുള്ളവര്‍ പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്നു പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മതചിട്ട പുലര്‍ത്തുന്നവരെ രഹസ്യമായി നിരീക്ഷിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കുന്നത്.
കീഴ്ഘടകങ്ങളില്‍ രഹസ്യ സര്‍വേ നടത്താനാണ് നിര്‍ദേശം എന്നറിയുന്നു. ഹജ്ജ്-ഉംറ യാത്രകള്‍ നടത്തുന്നവര്‍, സ്ഥിരമായി പള്ളിയില്‍ പോകുന്നവര്‍, മതചടങ്ങുകളില്‍ സജീവമായി ഇടപെടുന്നവര്‍, ഖുര്‍ആന്‍ അര്‍ഥസഹിതം പഠിക്കുന്നവര്‍ തുടങ്ങിയവരെ നിരീക്ഷിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. മതാഭിമുഖ്യമില്ലാത്ത മുസ്‌ലിം സഖാക്കളെ ഉപയോഗിച്ച് സര്‍വേ നടത്താനാണ് നീക്കം. വിവരം പുറത്തായാല്‍ ന്യൂനപക്ഷ സ്വാധീനമേഖലകളില്‍ വിള്ളലുണ്ടാവാന്‍ സാധ്യതയുണ്ടാകും എന്നുള്ളതിനാലാണ് വിശ്വസ്തരെ മാത്രം ഉള്‍പ്പെടുത്തി രഹസ്യ സര്‍വേ നടത്തുന്നത്.
സര്‍വേ സംബന്ധിച്ച ഫോം പുറത്തായതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ നുഴഞ്ഞുകയറിയവരുണ്ടെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞതോടെ മുസ്‌ലിം പേരുള്ള സിപിഎം പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം തന്നെ തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമം പാര്‍ട്ടി നേതാക്കളില്‍ നിന്നുണ്ടായതായി ചിലര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സര്‍വേ പൂര്‍ത്തിയാകുന്നതോടെ മഹല്ല് ഭാരവാഹിത്വത്തില്‍ സജീവമായ പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടിക്കു പുറത്ത് മഹല്ല് കേന്ദ്രീകരിച്ച് സേവനപ്രവര്‍ത്തനം നടത്തുന്നവരും മതാഭിമുഖ്യം പുലര്‍ത്തുന്നവരും കരിമ്പട്ടികയിലാവുമെന്നാണ് സംശയം.

RELATED STORIES

Share it
Top