മതം മാറിയവര്‍ക്ക് രേഖകള്‍ മാറ്റാന്‍ മതംമാറ്റ കേന്ദ്രങ്ങളുടെ സാക്ഷ്യപത്രം വേണ്ട

കൊച്ചി: മതം മാറിയവര്‍ക്ക് ഔദ്യോഗിക രേഖകളില്‍ മാറ്റം വരുത്താന്‍ മതംമാറ്റ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള രേഖകള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിയതായി നടത്തുന്ന പ്രഖ്യാപനം അംഗീകരിച്ച് ഔദ്യോഗിക രേഖകളില്‍ പേര്, മതം തുടങ്ങിയ വിവരങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം നിര്‍വഹിച്ചു നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശം നല്‍കി. മതംമാറ്റത്തിന്റെ ആധികാരികത സംബന്ധിച്ച് സംശയമുണ്ടായാല്‍ തഹസില്‍ദാറിനെ പോലുള്ള ഉദ്യോഗസ്ഥര്‍ മുഖേന പരിശോധന നടത്തി ഇക്കാര്യം ബോധ്യപ്പെടണമെന്നും കോടതി വ്യക്തമാക്കി. ഇസ്‌ലാംമതം സ്വീകരിച്ച 67കാരിയായ പെരിന്തല്‍മണ്ണ സ്വദേശിനി ആയിശ (ദേവകി) സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്. ഇവരുടെ മകനും നേരത്തെ ഇസ്‌ലാം സ്വീകരിച്ചിരുന്നു.രേഖകളില്‍ പേരും മതവും മാറ്റുന്നതിന്റെ ഭാഗമായി പ്രിന്റിങ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍ മതംമാറ്റം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ചോദിച്ച് മടക്കിയയച്ചെന്നും അനാവശ്യമായാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നും അല്ലാതെ തന്നെ രേഖകളില്‍ മാറ്റംവരുത്താന്‍ ഉത്തരവിടണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്. ഇസ്‌ലാം മതത്തിലേക്കു മാറിയവര്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാനത്ത് രണ്ട് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. മതംമാറിയതിനെ തുടര്‍ന്ന് രേഖകളില്‍ മാറ്റം വരുത്താന്‍ ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടോയെന്നാണ് കോടതി പരിശോധിച്ചത്. സ്വന്തം മതം തിരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഭരണഘടനാപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാള്‍ മതംമാറിയെന്ന് പ്രഖ്യാപിച്ചാല്‍ തീരുമാനത്തിന്റെ പക്വതയും മറ്റും സര്‍ക്കാര്‍ അന്വേഷിക്കേണ്ടതില്ല. ഔദ്യോഗിക രേഖകളില്‍ മാറ്റം വരുത്തേണ്ട വിഷയമായതിനാല്‍ മതംമാറ്റം സംബന്ധിച്ച ആധികാരിക ഉദ്യോഗസ്ഥര്‍ മുഖാന്തരം അന്വേഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കേന്ദ്രങ്ങളില്‍ നിന്ന് രേഖ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കാനാവില്ല. മതാചാര പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇത്തരം കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാവരുത്. ഏതെങ്കിലും കേന്ദ്രങ്ങള്‍ക്ക് ഇപ്രകാരം അധികാരം നല്‍കുന്നത് മതംമാറ്റം അവരുടെ ദയയുടെ അടിസ്ഥാനത്തിലാവുന്ന അവസ്ഥയുണ്ടാക്കും. അതിനാല്‍, സര്‍ട്ടിഫിക്കറ്റ് ചോദിക്കാതെ പേരുമാറ്റം പോലുള്ള ആവശ്യങ്ങളിന്‍മേല്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് ഭരണഘടനാപരമായ അവകാശത്തെ തടയുന്നതാണെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top