മതംമാറ്റം:ക്രൈസ്തവ സംഘടനകളുടെ സഹായം തേടി സംഘപരിവാരംകൊച്ചി: വ്യാജ ലൗജിഹാദ് കഥകള്‍ക്കു നിറം പകരാന്‍ ക്രൈസ്തവ സംഘടനകളുടെ സഹായം തേടി സംഘപരിവാരം. ആര്‍എസ്എസ് പ്രവര്‍ത്തകനായ അഡ്വ. പ്രതീഷ് വിശ്വനാഥ് മലപ്പുറത്തെ ബിജെപി പ്രവര്‍ത്തകനായ രഞ്ജിത് അബ്രഹാം തോമസിനെ ഉപയോഗിച്ച് 18 ഓളം ക്രൈസ്തവ സംഘടനകളുമായി ചേര്‍ന്ന് ഹെല്‍പ്‌ലൈന്‍ രൂപീകരിക്കാനാണു നീക്കം. മുമ്പ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഹിന്ദു ഹെല്‍പ്‌ലൈനിനു സമാനമായിട്ടാണിത് പ്രവര്‍ത്തിക്കുക. ഇസ്‌ലാമിലേക്കു മതംമാറുന്ന പെണ്‍കുട്ടികളെ തിരിച്ചുപിടിക്കാനാണ് ഹെല്‍പ്‌ലൈന്‍ എന്നാണു വിശദീകരണമെങ്കിലും ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെ മതംമാറ്റം തടയുകയാണു ലക്ഷ്യം. ഈ ഉദ്ദേശ്യത്തോടെ എറണാകുളത്തു ചില പീഡനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായിട്ടാണു വിവരം. ഹിന്ദു-ക്രൈസ്തവ യുവതികളെ പ്രണയം നടിച്ചു മതംമാറ്റുന്നുവെന്ന വ്യാജ പ്രചാരണത്തിന് ഊന്നല്‍ നല്‍കുന്നതില്‍ രണ്ട് ഹെല്‍പ് ലൈനുകളും സഹകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. മുസ്‌ലിം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലുള്ള വിശ്വാസപരമായ സാമ്യതകള്‍ മുസ്‌ലിം യുവാക്കള്‍ ഉപയോഗിക്കുന്നുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഓര്‍ത്തഡോക്‌സ് ഇന്‍ഡിപെന്‍ഡന്റ് ചര്‍ച്ച് മെത്രാപോലീത്ത മാത്യൂസ് മാര്‍ ഗ്രിഗോറിയോസാണ് ക്രിസ്ത്യന്‍ ഹെല്‍പ്‌ലൈന്‍ സംരംഭത്തിന്റെ രക്ഷാധികാരി. ലൗജിഹാദ് വെറും മതംമാറ്റമല്ല, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മതം മാറ്റി ഭീകരവാദികളാക്കി മാറ്റുന്ന തന്ത്രമാണെന്ന് ചിത്രീകരിക്കാനും ശ്രമമുണ്ട്. ഘര്‍വാപസിക്കും ലൗജിഹാദ് പ്രചാരണങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന അഭിഭാഷകനാണു പ്രതീഷ് വിശ്വനാഥ്. നേരത്തെ ബിജെപിയുമായി ബിജെഡിഎസിനെ അടുപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രതീഷ് തന്നെയാണ് ഡല്‍ഹി കേരളാ ഹൗസില്‍ ബീഫ് വിളമ്പിയെന്ന് ആരോപിച്ച് പ്രതിഷേധങ്ങള്‍ക്കു തുടക്കമിട്ടത്.

RELATED STORIES

Share it
Top