മണ്‍സൂണ്‍ ടൂറിസം : ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉണരുന്നുവൈത്തിരി: വേനല്‍ക്കാല സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞതോടെ മാന്ദ്യത്തിലായിരുന്ന ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മഴക്കാലത്തിന്റെ വരവോടെ വീണ്ടും ഉണരുന്നു. മഴയുടെ ഭംഗിയും കുളിരും ആസ്വദിക്കാനും ആയുര്‍വേദ ചികില്‍സയ്ക്കും മറ്റുമായി വിദേശികളടക്കം നുറുകണക്കിനു സഞ്ചാരികളാണ് ചുരം കയറുന്നത്. ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് ജില്ലയില്‍ മണ്‍സൂണ്‍ ടൂറിസത്തിന്റെ ആരവം. ഈ മാസങ്ങളില്‍ ജില്ലയിലെത്തുന്ന വിദേശികളിലേറെയും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മഴക്കാലത്ത് സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു പുറമെ സ്വകാര്യ സംരംഭകരും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മണ്‍സൂണ്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വയനാട് ടൂറിസം ഓര്‍ഗനൈസഷേന്‍ ജൂലൈ ഒന്നുമുതല്‍ ഒമ്പതു വരെ കല്‍പ്പറ്റയില്‍ മഴ മഹോല്‍സവം സംഘടിപ്പിക്കുന്നത്. മഴക്കാല വിനോദസഞ്ചാരത്തിനും ആയുര്‍വേദ ചികില്‍സയ്ക്കും സൗകര്യം ഒരുക്കുന്ന നിരവധി സംരംഭങ്ങള്‍ ജില്ലയിലുണ്ട്. ലക്കിടിക്കടുത്തുള്ള ചുരം വ്യൂപോയിന്റ്, ബാണാസുരസാഗര്‍, കാരാപ്പുഴ അണക്കെട്ടുകള്‍, കര്‍ലാട് തടാകം, കാന്തന്‍പറ, മീന്‍മുട്ടി, സൂചിപ്പാറ, ചെതലയം വെള്ളച്ചാട്ടങ്ങള്‍, ബ്രഹ്മഗിരിയുടെ മടിത്തട്ടിലുള്ള തിരുനെല്ലി തുടങ്ങിയവ ജില്ലയിലെ പ്രധാന മഴക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. മഴക്കാലത്ത് കോഴിക്കോട് ജില്ലയിലെ അടിവാരത്തുനിന്ന് ഒമ്പത് മൂടിപ്പിന്‍ വളവുകളുള്ള ചുരം റോഡിലൂടെ വയനാട്ടിലേക്ക് നടത്തുന്ന യാത്രതന്നെ സഞ്ചാരികളുടെ മനം കവരുന്നതാണ്. അതിമനോഹരമാണ് ചുരത്തിലെ ഒമ്പതാം വളവിനടുത്തുള്ള വ്യൂ പോയിന്റില്‍ നിന്നുള്ള പ്രകൃതിദൃശ്യങ്ങള്‍.

RELATED STORIES

Share it
Top