മണ്ണ്, ജല സംരക്ഷണം: പരിഹാരം നീര്‍ത്തടാധിഷ്ഠിത വികസനമെന്നു വിദഗ്ധര്‍

കണ്ണൂര്‍: പ്രളയാനന്തര കേരളത്തില്‍ മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണത്തിനുള്ള ശാശ്വത പരിഹാരം നീര്‍ത്തടാധിഷ്ഠിത വികസനമാണെന്ന് ജില്ലാ പഞ്ചായത്തില്‍ പ്രളയാനന്തര നവകേരള പുനര്‍നിര്‍മാണമെന്ന വിഷയത്തില്‍ ചേര്‍ന്ന പ്രത്യേക ജില്ലാ കാര്‍ഷിക വികസന സമിതി യോഗത്തില്‍ വിദഗ്ധര്‍. അതിതീവ്രമായി പെയ്ത മഴ മണ്ണിലേക്കിറങ്ങാതെ ഒലിച്ചുപോവുകയായിരുന്നു.
അതിനാലാണ് ഇപ്പോള്‍ വരള്‍ച്ച അനുഭവപ്പെടുന്നത്. മണ്ണ് സംരക്ഷിക്കാന്‍ മരങ്ങളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കണം. 40 ഡിഗ്രിയിലധികം ചെരിവുള്ള പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലും വിള്ളലും ഉണ്ടാവുന്നത്. ഇത്തരം പ്രദേശങ്ങളില്‍ തായ്‌വേരുള്ള ചെടികള്‍ ഇടകലര്‍ത്തി നടണം. വാഴ പോലുള്ള കൃഷി അഭികാമ്യമല്ല.
ജില്ലയില്‍ 40 ഹെക്റ്റര്‍ സ്ഥലം ഉരുള്‍പൊട്ടലില്‍ നശിച്ചു. ഇതിനുചുറ്റും 200 ഹെക്റ്റര്‍ സംരക്ഷിച്ചാലേ വേഗം കുറച്ച് വെള്ളം ഒഴുക്കിവിടാനാവൂ. ക്വാറികളുടെ സാന്നിധ്യമാണ് ഈ മേഖലകളില്‍ മറ്റൊരു ഘടകമായി പഠനത്തില്‍ കണ്ടെത്തിയത്.
സെസിന്റെ സഹായത്തോടെ ജില്ലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ പഠനം നടത്തി പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ വി വി പ്രകാശന്‍ അറിയിച്ചു.ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും കൃഷിസ്ഥലത്ത് ധാരാളം ചളിയടിഞ്ഞ് കട്ടപിടിച്ചിരിക്കയാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മറിയം ജേക്കബ് അറിയിച്ചു.
ഇത് മണ്ണിലെ വായു സഞ്ചാരം തടസ്സപ്പെടുത്തി വിളകള്‍ക്ക് ദോഷകരമാവും. അടിയന്തരമായി ചളി നീക്കി മണ്ണിലെ വായുസഞ്ചാരം വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കണം. പരമാവധി ജൈവവളവും ജൈവവളക്കൂട്ടുകളും ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം ഇതിനായി ഉപയോഗപ്പെടുത്തി ജൈവവളങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഉല്‍പാദിപ്പിക്കും.
കാര്‍ഷിക വിളകള്‍ നശിച്ചുപോയ പ്രദേശങ്ങളില്‍ എസ്എച്ച്എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ പാക്കേജായി വാഴ, ടിഷ്യു കള്‍ച്ചര്‍ വാഴ, പ്ലാവ്, മാവ്, ഹൈബ്രിഡ് പച്ചക്കറി, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, ജാതിക്ക, വെറ്റില, കശുമാവ്, കൊക്കോ എന്നിവ കൃഷി ചെയ്യാന്‍ സഹായം നല്‍കും. കൂടാതെ പച്ചക്കറി വിത്തുകളും തൈകളും പച്ചക്കറി സൗജന്യമായി വിതരണം ചെയ്യും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും ഉപയോഗപ്പെടുത്തും. പ്രളയാനന്തരം മണ്ണിലൂടെ പടരുന്ന പ്രത്യേകിച്ച് ഫൈറ്റോഫ്‌തോറ കുമിള്‍ രോഗങ്ങള്‍ക്ക് സാധ്യത അധികമാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. കാലവര്‍ഷക്കെടുതി സംബന്ധിച്ച യഥാര്‍ഥ നഷ്ടം കണക്കാക്കി പ്രത്യേക പാക്കേജ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. കര്‍ഷക സംഘം, അഖിലേന്ത്യാ കിസാന്‍സഭ, കര്‍ഷക കോണ്‍ഗ്രസ്, സ്വതന്ത്ര കര്‍ഷക സംഘം തുടങ്ങിയവയുടെ പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top