മണ്ണ് ഉടന്‍ നീക്കം ചെയ്യും; ടെന്‍ഡര്‍ ഇന്നുവരെ

നിലമ്പൂര്‍: ആഢ്യന്‍പാറയിലെ ചെറുകിട ജലവൈദ്യുതി പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. പദ്ധതി ആസ്ഥാനത്ത് നിന്നെത്തിയ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച് പവര്‍ഹൗസിലേയ്ക്കു വെള്ളം പോവുന്ന തുരങ്കമുഖത്തുവീണ മണ്ണും പാറകളും നീക്കം ചെയ്യാനുള്ള നടപടികളാണ് ആദ്യഘട്ടത്തില്‍ സ്വീകരിച്ചുവരുന്നത്. 13 ലക്ഷം രൂപയുടെ അടങ്കലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനുള്ള ഓണ്‍ലൈന്‍ ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഇന്നാണ്. ടെന്‍ഡര്‍ 16ന് തുറക്കും. പദ്ധതി പ്രദേശത്തുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ജൂണ്‍ 13നാണ് ആഢ്യന്‍പാറയിലെ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ തുരങ്കമുഖത്ത് മണ്ണും പാറക്കെട്ടുകളും വീണ് പദ്ധതി പ്രവര്‍ത്തനം തടസ്സപ്പെട്ടത്. പദ്ധതി നടപ്പാക്കുന്ന കാഞ്ഞിരപ്പുഴയില്‍ വെള്ളം കൂടിയിരുന്നു.
പുഴയിലൂടെ ഒഴുകിവരുന്ന മരക്കൊമ്പുകളും മറ്റ് കനമുള്ള വസ്തുക്കളും തുരങ്കത്തിലേയ്ക്കു വരാതിരിക്കാന്‍ വേണ്ടി നിര്‍മിച്ച സംവിധാനത്തിന് പിറകിലാണ് മണ്ണും പാറക്കെട്ടുകളുമടിഞ്ഞ് തടസ്സമുണ്ടായത്. തടയണയില്‍നിന്നു വെള്ളം തിരിഞ്ഞ് ഗുഹാമുഖത്ത് വരുന്നതുവരെയുള്ള സ്ഥലമാണ് മൂടിക്കിടക്കുന്നത്. ഇവിടെയുള്ള മണ്ണും പാറക്കെട്ടുകളും നീക്കം ചെയ്യാനാണ് ആദ്യം ശ്രമിക്കുക. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി ജോലി തുടങ്ങിയാല്‍ ഒരാഴ്ച കൊണ്ട് മണ്ണും പാറക്കെട്ടുകളും നീക്കം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
തുരങ്കമുഖത്തെ തടസ്സം നീക്കിയാലെ തുരങ്കത്തിനുള്ളില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയു. അതനുസരിച്ച് തുടര്‍ന്നുള്ള കേടുപാടുകള്‍ നീക്കംചെയ്യാനുള്ള അടങ്കല്‍ തയ്യാറാക്കും. വലിയ തകരാറുകളൊന്നുമില്ലെങ്കില്‍ പ്രവൃത്തികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കി ഉല്‍പാദനം പെട്ടെന്ന് തുടങ്ങാനുള്ള നീക്കമാണ് നടത്തുക. ആവശ്യത്തിന് മഴ ലഭിച്ച സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴയില്‍ വെള്ളം ലഭ്യതയുള്ളതിനാല്‍ പരമാവധി വൈദ്യുതി ഉല്‍പാദനം നടത്തും.

RELATED STORIES

Share it
Top