മണ്ണുത്തി-വടക്കഞ്ചേരി റോഡ് നിര്‍മാണം: യോഗം വിളിച്ചു

തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി റോഡ് നിര്‍മാണം സ്തംഭനവസ്ഥയിലായി ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും പ്രതിഷേധങ്ങള്‍ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ തൃശുര്‍ കളക്ടറേറ്റില്‍ 25 ന് യോഗം ചേരാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
ജില്ലയിലെ മന്ത്രിമാര്‍, ഈ മേഖലയിലെ എംപിമാര്‍, എംഎല്‍എമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍, ദേശീയപാത അതോറിറ്റി, സംസ്ഥാന ദേശീയപാത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. നിര്‍മാണപ്രവൃത്തി പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശീയപാത അതോറിറ്റിയാണ് നടപ്പാക്കുന്നത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനും ദേശീയ പാത അതോറിറ്റിക്കുമാണ്. സംസ്ഥാന സര്‍ക്കാര്‍ മണ്ണുത്തി-വടക്കഞ്ചേരി റോഡ്‌റോഡ് ദേശീയപാത അതോറിറ്റിക്ക് കൈമാറിയതാണെന്നും മന്ത്രി പറഞ്ഞു.
കരാറുകാരന്‍ ഗുരുതരമായ കരാര്‍ ലംഘനം നടത്തിയിട്ടും ഒരു നടപടിയും ആ കമ്പനിക്കെതിരേ സ്വീകരിച്ചതായി കാണുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും കേന്ദ്രാനുമതി വേണമെന്ന് പറഞ്ഞ് ദേശീയപാത അതോറിറ്റി അനുവാദം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കുതിരാനില്‍ കഴിഞ്ഞ വര്‍ഷം സന്ദര്‍ശനം നടത്തിയപ്പോള്‍ 2018 ജനുവരിയില്‍ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാക്കി കുതിരാന്‍ തുരങ്കം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് വാക്കു നല്‍കിയിരുന്നു. നല്‍കിയ ഉറപ്പുകള്‍ എല്ലാം കരാര്‍ കമ്പനി ലംഘിച്ചുകൊണ്ടേയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിധിന്‍ ഗഡ്കരിക്കും ദേശീയ പാത അതോറിറ്റിക്കും ഈ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കാനാവശ്യപ്പെട്ട് കത്തുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാവുമെന്ന് എന്‍എച്ച്എഐ യുമായി ആലോചിക്കുന്നതിനാണ് തൃശുരില്‍ യോഗം ചേരുന്നതെന്നും മന്ത്രി അറിയിച്ചു. അന്നേദിവസം കുതിരാന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

RELATED STORIES

Share it
Top