മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത ഗതാഗതയോഗ്യമാക്കണം; എംപിമാര്‍ കത്ത് നല്‍കി

തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണത്തില്‍ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും അനുബന്ധസൗകര്യങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എംപിമാര്‍ കത്ത് നല്‍കി. കേരളത്തിലെ റോഡുകളുടെ ചുമതലയുളള കേന്ദ്ര ഉപരിതലഗതാഗത സഹമന്ത്രി മന്‍സൂക്ക് എല്‍ മന്‍ഡാവിയക്കാണ് എംപിമാര്‍ കത്ത് നല്‍കിയത്.
ഡോ.പി കെ ബിജു, സി എന്‍ ജയദേവന്‍, എം ബി രാജേഷ്, പി കെ ശ്രീമതി എം.പിമാര്‍ സഹമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. ദേശീയപാതയിലെ മണ്ണുത്തി-വടക്കഞ്ചേരി റീച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗതയോഗ്യമാക്കുന്നതിനും ദേശീയപാത നിര്‍മാണത്തില്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും അനുബന്ധസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും തിരക്ക് കൂടിയ ദേശീപാതകളില്‍ ഒന്നാണ് എന്‍എച്ച്-544. വല്ലാര്‍പ്പാടം ഷിപ്പിംഗ് ടെര്‍മിനലിനേയും കോയമ്പത്തൂരിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കൂടിയാണിത്.
പ്രസ്തുത പാതയില്‍കൂടി ദിനംപ്രതി ആയിരക്കണക്കിന് ചരക്കുലോറികളാണ് കടന്നുപോവുന്നത്. എന്‍എച്ച്-544 നാലുവരിയാക്കുന്ന പ്രവൃത്തി മൂന്ന് ഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുന്നത്. ഇതില്‍ വാളയാര്‍-വടക്കഞ്ചേരി, മണ്ണുത്തി-അങ്കമാലി എന്നീ റീച്ചുകളുടെ നിര്‍മ്മാണം നേരത്തെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
എന്നാല്‍ പ്രവൃത്തി അവസാനിപ്പിക്കുന്നതിനുളള തിയതി നിരവധി തവണ നല്‍കിയെങ്കിലും ഇതുവരെയും മണ്ണുത്തി-വടക്കഞ്ചേരി റീച്ചിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല. മണ്ണുത്തി-വടക്കഞ്ചേരി റീച്ചില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മേല്‍പ്പാലങ്ങളും മേല്‍പ്പാലങ്ങളിലേക്കുളള അപ്രോച്ച് റോഡുകളും ഗതാഗതം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ തകര്‍ന്ന സംഭവങ്ങളും ഇതിനകം ഉണ്ടായിട്ടുണ്ട്. എന്നാല്‍ റോഡിന്റെ നിര്‍മാണം തൊണ്ണൂറ് ശതമാനം പൂര്‍ത്തീകരിച്ചെന്ന റിപോര്‍ട്ടാണ് ഉദ്ദ്യോഗസ്ഥര്‍ നല്‍കിയിട്ടുളളത്. പ്രസ്തുത റിപോര്‍ട്ട് തെറ്റാണെന്ന് വസ്തുതകള്‍ നിരത്തി എംപിമാര്‍ തെളിയിച്ചു. നിര്‍മാണം പൂര്‍ത്തീകരിച്ച ടണല്‍ ഇതുവരെ ഗതാഗതയോഗ്യമായിട്ടില്ല. പ്രധാന മൂന്ന് ഫ്‌ളൈഓവറുകളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടില്ല. നിലവില്‍ യാതൊരു അറിയിപ്പും നല്‍കാതെ കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും എംപിമാര്‍ ചൂണ്ടിക്കാണിച്ചു.
കേരളത്തിലെ ദേശീയപാതകളുടെ നിലവിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി കേരളത്തില്‍ നിന്നുളള എം.പിമാരുടെ പ്രത്യേകയോഗം വിളിച്ചുചേര്‍ക്കുമെന്നും കേന്ദ്രസഹമന്ത്രി എം.പിമാര്‍ക്ക് ഉറപ്പു നല്‍കി.മണ്ണുത്തി-വടക്കഞ്ചേരി റീച്ചിലെ റോഡിന്റെ ശോച്യാവസ്ഥ നിരവധി പേരുടെ മരണത്തിനും അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അടുത്തിടെ ബൈക്ക് യാത്രക്കാരന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചതിനെ തുടര്‍ന്ന് നിരവധി ജനകീയസമരങ്ങളും പ്രതിഷേധവും നടന്നിട്ടുണ്ട്. കരാറുകമ്പനിയുടെ ഓഫിസും, ദേശീയപാത അതോറിറ്റി ഓഫിസ് പിക്കറ്റിങുംവരെ നടന്നു.
റോഡിലെ കനത്ത ഗതാഗതം കണക്കിലെടുത്ത് ഡ്രെയിനേജ്, റോഡ്‌ലെവലിങ്, കുഴി അടക്കല്‍, റോഡിന്റെ അരികുവശം എന്നീവര്‍ക്കുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം. അഴിമതിയും ഗുണനിലവാരം കുറഞ്ഞ നിര്‍മാണ പ്രവൃത്തിയുമാണ് റോഡിന്റെ നിലവിലെ അവസ്ഥക്കു പ്രധാന കാരണം.
കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതതയും നാഷനല്‍ ഹൈവേ അതോറിറ്റി കൊച്ചി ശാഖയുടെ കുറ്റകരമായ അനാസ്ഥയുമാണ് മണ്ണുത്തി-വടക്കഞ്ചേരി റീച്ചിലെ നിര്‍മാണം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണമെന്നും എംപിമാര്‍ ചൂണ്ടിക്കാണിച്ചു.

RELATED STORIES

Share it
Top