മണ്ണിന് അനുമതിതേടി അതോറിറ്റി ജില്ലാകലക്ടര്‍ക്ക് കത്ത് നല്‍കി

കൊണ്ടോട്ടി: കരിപ്പൂരില്‍ റണ്‍വെ റിസ(റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ) നിര്‍മാണത്തിനും റണ്‍വേയുടെ വശങ്ങളിലെ പ്രവര്‍ത്തിക്കും ആവശ്യമായ മണ്ണിന് അനുമതി തേടി എയര്‍പോര്‍ട്ട് അതോറിറ്റി ജില്ലാകലക്ടര്‍ക്ക് കത്ത് നല്‍കി. റണ്‍വേയുടെ കിഴക്ക് ഭാഗത്ത് അഥോറിറ്റിയുടെ കൈവശമുള്ള പാലക്കാപറമ്പ് പിലാതോട്ടം ഭാഗത്ത് മണ്ണ് എത്തിക്കുന്നതിനിടയിലാണ് നിയന്ത്രണം വന്നത്. ഇതോടെയാണ് അനുമതി തേടി ജില്ലാകലക്ടറെ അതോറിറ്റി സമീപിച്ചത്.
റിസയുടെ ആവശ്യത്തിന് 20,000 ചതുരശ്ര മീറ്റര്‍ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.മണ്ണ് എടുക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ പ്രവൃത്തികള്‍ സമയമബന്ധിതമായി നടപ്പിലാക്കാനാവുന്നില്ല. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ തട്ടിയാണു മണ്ണ് എടുക്കാനാവാത്തത്.
റിസ പ്രവര്‍ത്തികള്‍ ജൂണ്‍ 15ന് പൂര്‍ത്തിയാക്കണം.ഇതനുസരിച്ചാണ് വിമാന സമയ ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്.റണ്‍വെയുടെ പ്രതലത്തില്‍ എംസാന്‍ഡ് ആണ് ഉപയോഗിക്കുന്നത്. വിമാനത്താവള പ്രവര്‍ത്തിക്കായി മണ്ണ് എടുക്കാന്‍ പ്രത്യേക അനുമതി തേടിയാണ് അഥോറിറ്റി കലക്ടര്‍ക്ക് കത്ത് നല്‍കിയത്. 2860 മീറ്റര്‍ നീളമുള്ള കരിപ്പൂര്‍ റണ്‍വെയുടെ സ്ഥലം കൂടി ഉള്‍പ്പെടുത്തിയാണ് റിസ ഏരിയ വികസിപ്പിക്കുന്നത്.
ആറ് കോടി ചിലവിലാണ് റിസ നിര്‍മാണം ആരംഭിച്ചത്.റിസ വികസിപ്പിക്കുന്നതോടെ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് ആരംഭിക്കാനാവുമെന്നതാണ് പ്രതീക്ഷ. വിമാനങ്ങള്‍ റണ്‍വെയില്‍ നിന്ന് ലാന്റിങിനിടെ തെന്നി നീങ്ങിയാല്‍ പിടിച്ചു നിര്‍ത്തുന്ന സ്ഥലമാണ് റിസ. റിസയുടെ വിസ്തീര്‍ണം  90-ല്‍ നിന്ന് 240 ആക്കി മാറ്റുന്നതോടെ ബോയിങ് 747 ഒഴികെയുളള വിമാനങ്ങള്‍ക്കും ഹജ്ജ് വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താനാകും.

RELATED STORIES

Share it
Top