മണ്ണിടിഞ്ഞ് ചുരം യാത്ര തടസ്സപ്പെട്ടുഭീതിയുടെ മുള്‍മുനയില്‍ അട്ടപ്പാടി ചുരം റോഡ് യാത്ര

ജെസി എം ജോയ്
മണ്ണാര്‍ക്കാട്: മഴക്കാലം ശക്തി പ്രപാപിച്ചോടെ അട്ടിപ്പാടി ചുരത്തിലൂടെ യാത്ര ഭീതിയുടെ മുള്‍ മുനയില്‍. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ മൂന്ന് ദിവസങ്ങളിലായി മണ്ണിടിഞ്ഞ് ചുരം യാത്ര തടസ്സപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ദുരിത പെയ്ത്തിന്റെ ഓര്‍മ്മമായും മുമ്പാണ് ഈ വര്‍ഷവും ചുരം    റോഡില്‍ മണ്ണിടിച്ചിലുണ്ടായത്. ചുരത്തിലൂടെയുള്ള യാത്ര അട്ടപ്പാടിക്കാര്‍ക്ക് ഭീതിയുടെ നേര്‍ക്കാഴ്ചയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 16ന് പെയ്ത പേമാരിയില്‍ അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും മുടങ്ങിയത് 21 ദിവസമാണ്. ഇത്രയും നാള്‍ താലൂക്ക് ആസ്ഥാനമായ മണ്ണാര്‍ക്കാടുമായി ഒരു ബന്ധവും പുലര്‍ത്താന്‍ അട്ടപ്പാടി മേഖലയിലുള്ളവര്‍ക്ക് മാര്‍ഗ്ഗമുണ്ടായിരുന്നില്ല.
അന്നത്തെ  ദുരിതപ്പെയ്ത്തില്‍ ചുരത്തില്‍ 12 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞത്. അതിലേറെ  ഇടങ്ങളില്‍ കൂറ്റന്‍ പാറകള്‍ റോഡിലേക്ക് പതിച്ചു. റോഡില്‍ വീണ മരങ്ങള്‍ക്ക് കണക്കില്ല. പത്താം വളവ് കഴിഞ്ഞുള്ള വ്യു പോയിന്റിനു താഴെയുള്ള മലഞ്ചേരുവ് 400 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു. ഈ മണ്ണ് അത്രയും  ഒമ്പതാംവളവ് റോഡില്‍ വീണ് നികന്നു.
കാല്‍നട പോലും അസാധ്യമായി. മ ൂന്ന് ദിവസം അഞ്ച് മണ്ണ്മാന്തികള്‍ അധ്വാനിച്ചാണ് റോഡിലെ മണ്ണ് നീക്കാനായത്. കൂറ്റന്‍ പാറകള്‍ പൊട്ടിച്ച്  മാറ്റാന്‍ പിന്നെയും ദിവസങ്ങളെയുത്തു. റോഡിലൂടെ ഒരു വിധം കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാക്കാന്‍ രണ്ട് ആഴ്ചയെടുത്തു. ഉയരങ്ങളില്‍ നിന്ന് ഭീമന്‍ കല്ലുകള്‍ പതിച്ചതിനാല്‍ റോഡ് പല ഭാഗങ്ങളിലും വിണ്ടു കീറി. വലിയ വാഹനങ്ങള്‍ പോകാന്‍ റോഡ് സുരക്ഷതിമല്ലന്ന സ്ഥതി വന്നു.
പൊതുമരാമത്ത് വകുപ്പ് വിശദമായ  പരിശോധനയ്ക്ക് ശേഷമാണ് വലിയ വാഹനങ്ങള്‍ക്ക് യാത്രാനുമതി നല്‍കിയത്. രാത്രിയാത്ര നിയന്ത്രണം പിന്നെയും തുടര്‍ന്നു. ഒരു മഴയുടെ ബാക്കി പത്രമായി മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡില്‍ ഒരു മാസത്തിലേറെ കാലം ഗാതഗത പ്രശ്‌നങ്ങളുണ്ടായി. അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി ആദിവാസികളും കുടിയേറ്റക്കാരും ഉള്‍പ്പടെ പതിനായിരക്കണക്കിന് ആളുകളാണ് ചുരം റോഡിന്റെ തകര്‍ച്ചയുടെ ദുരിതം പേറിയത്.
അന്ന് മണ്ണും കല്ലും മരവും നീക്കിയതൊഴിച്ചാല്‍ അട്ടപ്പാടി ചുരം റോഡില്‍ ഒരു പണിയും നടത്തിയിട്ടില്ല. ഇടയ്ക്ക് വലിയ കുഴികള്‍ അടച്ചത് മാത്രമാണ് ചുരത്തില്‍ നടത്തിയ ജോലി. കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഭീകരമാണ് ഇന്നത്തെ ചുരം റോഡിന്റെ അവസ്ഥ. കഴിഞ്ഞ വര്‍ഷം മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ ചെറിയ മഴയ്ക്കു പോലും മണ്ണിടിയാനുള്ള സാധ്യതകളാണുള്ളത്. വലിയ പാറക്കല്ലുകള്‍ ഉരുണ്ട് വന്ന് ഇടിച്ച മരങ്ങള്‍ പലതും കട പുഴകിയാണ് നല്‍ക്കുന്നത്. ഇതെല്ലാം  മഴ തുടര്‍ന്നാല്‍ റോഡിലെത്തും.
ഇന്നത്തെ അവസ്ഥയില്‍ ചുരം റോഡിലെ യാത്ര സുരക്ഷിതമല്ല. കഴിഞ്ഞ വര്‍ഷത്തെ പോലയുള്ള ദുരന്തം ആവര്‍ത്തിച്ചാല്‍ അട്ടപ്പാടി ചുരം റോഡ്  രണ്ടാമത് പണിയേണ്ടി വരും. കഴിഞ്ഞ വര്‍ഷം തകര്‍ന്ന ഭാഗങ്ങളിലെല്ലാം പാതി റോഡ് മാത്രമാണുള്ളത്. ദുരന്തം ആവര്‍ത്തിച്ചാല്‍ പലയിടത്തും റോഡ് മുറിയും. റോഡ് മുറിഞ്ഞാല്‍ പുനര്‍ നിര്‍മിക്കുക അത്ര എളുപ്പമല്ല.
വന്‍ താഴ്ച്ചകളില്‍ നിന്ന് കെട്ടിപ്പൊക്കി വേണ്ടി വരും റോഡ് നിര്‍മിക്കാന്‍. അട്ടപ്പാടിക്ക് ബദല്‍ റോഡ് എന്ന ആവശ്യം ശക്തമായത് ഈ ദുരിതത്തില്‍ നിന്നാണ്. ഒരു വര്‍ഷം റോഡ് ഏതു വഴി വേണമെന്ന് തര്‍ക്കിച്ചു കഴിച്ചു. അടിയന്തിരമായി ചുരത്തില്‍ ചെയ്യാവുന്ന മുന്‍ കരുതലുകള്‍ പോലും ചെയ്യാന്‍ ആയില്ല. ചുരം റോഡിന്റെ കാര്യം പറയുമ്പോള്‍ റോഡിനായി 80 കോടി വകയിരുത്തിയ കണക്ക് പറഞ്ഞ് ഉത്തരവാദപ്പെട്ടവര്‍ തടിയൂരി. ദുര്‍ഘടമായ ചുരവും അതിലെ ദുരിതവും ബാക്കി.  ഈ    ദുരിതം പേറാന്‍ വിധിക്കപ്പെട്ടവരായി അട്ടപ്പാടി നിവാസികളും.

RELATED STORIES

Share it
Top