മണ്ണിടിഞ്ഞു വീണ് ഹോട്ടലിലെ ശുചിമുറിയില്‍ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി

അടിമാലി: കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് ഹോട്ടലിലെ ശുചിമുറിയില്‍ കുടുങ്ങിയ യുവതിയെ രക്ഷിച്ചു. അടിമാലി കാംകോ ജങ്ഷനില്‍ വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമീത(27) ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. പരിക്കേറ്റ ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 9.30ന് ദേശീയപാതയില്‍ അടിമാലി അമ്പലപ്പടിയിലാണു സംഭവം. കനത്ത മഴയെ തുടര്‍ന്ന് അടിമാലി ശാന്തഗിരി ക്ഷേത്രത്തിന്റെ പിന്‍ഭാഗത്ത് വന്‍തോതില്‍ മണ്ണിടിഞ്ഞ് ഹോട്ടലിനു മുകളില്‍ വീണു. പ്രമീത ഈ സമയം ശുചിമുറിയിലായിരുന്നു. മണ്ണിടിച്ചിലില്‍ ഹോട്ടലിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് കാലില്‍ പതിക്കുകയും മുറിയില്‍ കുടുങ്ങുകയും അതിനു മുകളിലേക്ക് മണ്ണ് വീഴുകയുമായിരുന്നു. ഹോട്ടലില്‍ ചായകുടിക്കാനെത്തിയവര്‍ കെട്ടിടം തകര്‍ന്നുവീഴുന്നതു കണ്ട് ഇറങ്ങി ഓടിയതിനാലാണു രക്ഷപ്പെട്ടത്. നാട്ടുകാരും പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നടത്തിയ കഠിന പ്രയത്‌നത്തിനൊടുവിലാണ് പ്രമീതയെ രക്ഷിച്ചത്.
ഭിത്തിക്കും സ്ലാബിനുമിടയില്‍ പെട്ടതാണ് ജീവന്‍ തിരിച്ചുകിട്ടാന്‍ സഹായകമായതെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. മണ്ണു വന്നു മൂടിയ മുറിയിലേക്ക് ഫയര്‍ഫോഴ്‌സ് ഓക്‌സിജന്‍ സിലിണ്ടര്‍ ഇട്ടു നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ ജിന്‍സന്‍(29), അനീഷ്(34) എന്നിവര്‍ക്കും  പരിക്കേറ്റു.
കഴിഞ്ഞ മൂന്നു ദിവസമായി ശക്തമായി മഴ തുടരുന്ന ഇവിടെ ഇന്നലെ രാവിലെയുണ്ടായ അതിശക്തമായ മഴയിലാണ് വന്‍ മണ്ണിടിച്ചിലുണ്ടായത്.

RELATED STORIES

Share it
Top