മണ്ണിടിച്ചില്‍ ഭീഷണി; കുടുംബങ്ങള്‍ ദുരിതത്തില്‍

മാനന്തവാടി: ശക്തമായ മഴയില്‍ മണ്ണിടിയുന്നതു നാലു കുടുംബങ്ങള്‍ക്ക് ഭീഷണിയായി. മാനന്തവാടി നഗരസഭാ പരിധിയിലെ ഏഴാം ഡിവിഷനില്‍പ്പെട്ട ചോയിമൂലയിലാണ് കുടുംബങ്ങള്‍ ദുരിതത്തിലായത്.
ചെറുകുന്നത്ത് ദിലീപ്, അമ്പലത്തുംകണ്ടി പ്രദീപ്, കേളോത്ത് നവാസ്, മാട്ടുമ്മല്‍ ആസ്യ എന്നിവരുടെ കുടുംബങ്ങളാണ് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നത്. എല്ലാ വര്‍ഷവും കാലവര്‍ഷം എത്തുന്നതോടെ ഈ കുടുംബങ്ങളുടെ ദുരിതവും ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ദീലീപിന്റെ വീടിന്റെ സണ്‍ഷേഡിന് സമീപം വരെ മണ്ണിടിഞ്ഞു വീഴുകയുണ്ടായി.
എക്‌സ്‌കവേറ്ററും ടിപ്പറും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാന്‍ മാത്രം ചെലവായത് 60,000ത്തോളം രൂപയായിരുന്നെന്നും റവന്യു വകുപ്പില്‍ നിന്നു ലഭിച്ച ധനസഹായം വെറും ആയിരം രൂപ മാത്രമായിരുന്നെന്നും ദിലീപ് പറഞ്ഞു. ഇവിടെ വീടെടുത്ത് താമസം തുടങ്ങിയ മൂന്നുവര്‍ഷവും മണ്ണിടിച്ചിലുണ്ടായി.
ഒരു വര്‍ഷം മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ പ്രദീപിന്റെ കിണറിന്റെ റിങുകള്‍ പൊട്ടിയ നിലയിലാണ്. ഒരുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കിണറാണിത്. വീടിന് പുറകില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്. ഏതുനിമിഷവും മഴയില്‍ മണ്ണിടിഞ്ഞ് വീഴാനുള്ള സാധ്യത ഏറെ അപകടങ്ങള്‍ക്ക് ഇടയാക്കിയേക്കും. ജീവന്‍ മുറുകെ പിടിച്ചാണ് ഈ കുടുംബങ്ങള്‍ ഇവിടെ അന്തിയുറങ്ങുന്നത്.
തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നാണ് ഈ കുടുംബങ്ങളുടെ ആവശ്യം.

RELATED STORIES

Share it
Top