മണ്ണാര്‍ക്കാട് കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ കുടിവെള്ള സ്രോതസായ കുന്തിപ്പുഴയില്‍ അനധികൃതമായി വന്‍ തോതില്‍ ജലമൂറ്റ്. മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍ പഞ്ചായത്തുകളുടെ കുടിവെള്ള വിതരണം കുന്തിപ്പുഴയിലെ അനധികൃത ജലമൂറ്റല്‍ കാരണം അവതാളത്തിലാവുന്നു. രണ്ട് പഞ്ചായത്തുകളുടെയും കുടിവെള്ള പദ്ധതികളുടെയും പമ്പ് ഹൗസ് കുന്തിപ്പുഴ പാലത്തിനു താഴെയാണ്. വേനല്‍ കനത്തതോടെ പമ്പ് ഹൗസിലേക്ക് ആവശ്യമായ വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്.
കുരുത്തിച്ചാല്‍ മുതല്‍ താഴോട്ട് നൂറു കണക്കിനു മോട്ടോറുകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. 50 എച്ച്പി വരെയുള്ള മോട്ടോറുകള്‍ ഉപയോഗിച്ച് കൃഷിയിടത്തിലേക്ക് വെള്ളം അടിച്ചു കയറ്റുകയാണ്. രാത്രി ഓണ്‍ ചെയ്യുന്ന മോട്ടോറുകള്‍ പലതും പുലര്‍ച്ചെയാണ് നിര്‍ത്തുന്നത്. രാത്രി മുഴുവന്‍ നൂറുകണക്കിനു മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പുഴയിലെ ജലനിരപ്പിനെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. പലയിടത്തും കുന്തിപ്പുഴയുടെ ഒഴുക്ക് തന്നെ നിലച്ച സ്ഥിതിയാണ്. ഈ നില തുടര്‍ന്നാല്‍ കുന്തിപ്പുഴയിലെ വെള്ളം അധികം വൈകാതെ വറ്റും. ഇപ്പോള്‍ തന്നെ മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമമാണ്അനുഭവപ്പെടുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ആശ്രയിക്കുന്ന പലരും പണം കൊടുത്ത് സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വെള്ളം വാങ്ങിയാണ് നിത്യവൃത്തി കഴിച്ചു കൂട്ടുന്നത്. അരകുര്‍ശ്ശി പറങ്ങോടത്ത് ഭാഗങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളം വന്നിട്ട് ദിവസങ്ങളായി. ഏപ്രില്‍ ആരംഭത്തോടെ ഇതാണ് സ്ഥിതിയെങ്കില്‍ മെയ്മാസം എങ്ങനെ താണ്ടുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഒരുഭാഗത്ത് ആളുകള്‍ കുടിവെള്ളത്തിനായി നെട്ടോടം ഓടുമ്പോള്‍ കുടിവെള്ള സ്രോതസുകളില്‍ നിന്ന് ആവശ്യത്തിലധികം വെള്ളം അനധികൃതമായി ഊറ്റുന്നത് തടയാന്‍ നടപടി വേണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

RELATED STORIES

Share it
Top