മണ്ണാര്‍ക്കാട്ട് മഴക്കാലരോഗ ജാഗ്രതോല്‍സവം വഴിപാടായി

മണ്ണാര്‍ക്കാട്: മഴക്കാല രോഗങ്ങള്‍ക്കെതിരെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന ജാഗ്രതോല്‍സവം പരിപാടി മണ്ണാര്‍ക്കാട് നഗരസഭയില്‍ ‘വഴിപാടുല്‍സവമായി മാറിയെന്ന് ആരോപണം. പകര്‍ച്ച വ്യാധികള്‍ തടുന്നതിനെതിരെ അതത് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ ഉത്തരവാദിത്വത്തില്‍ വാര്‍ഡുതല സമിതികള്‍ വിളിച്ചുകൂട്ടി നേതൃപരമായ നിര്‍ദേശങ്ങള്‍ കൈമാറാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി സംഘടിപ്പിച്ച പരിശീലന പരിപാടിയാണ് പങ്കാളിത്തമില്ലായ്മ കൊണ്ട് വഴിപാടായത്.
സര്‍ക്കാര്‍ കണക്കില്‍ പകര്‍ച്ചവ്യാധി പടരാന്‍ ഏറെ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിലാണ് മണ്ണാര്‍ക്കാട്. രണ്ടു വര്‍ഷം മുമ്പ് ഡെങ്കി ബാധിച്ച് നാലു പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നിരവധി പേരാണ് ഡെങ്കി ബാധിച്ച് ചികിത്സയിലായത്. ആരോഗ്യ വകുപ്പ്,ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ ഏകോപിത പ്രവര്‍ത്തനം വഴി നടപ്പാക്കേണ്ട ജാഗ്രതോല്‍സവത്തിന്റെ നഗരസഭ തല പരിശീലന പരിപാടിയില്‍ ഭൂരിഭാഗം കൗണ്‍സിലര്‍മാരും പങ്കെടുത്തില്ല.
നഗരസഭയില്‍ 29 കൗണ്‍സിലര്‍മാരുണ്ടെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമെ പങ്കെടുത്തുള്ളു. പങ്കെടുത്തവരില്‍ പലരും ഉച്ചയ്ക്കു മുമ്പ് പോവുകയും ചെയ്തു.ഉച്ചയ്ക്കു ശേഷം വാര്‍ഡു തലത്തില്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി നടത്തേണ്ട പരിപാടികളുടെ ആസൂത്രണം കൗണ്‍സിലര്‍മാര്‍ ആരുംഇല്ലാത്തതിനാല്‍ നടന്നില്ല. കൗണ്‍സിലര്‍മാരുടെ നിരുത്തരവാദപരമായ സമീപനത്തില്‍ പരിശീലനത്തിനു എത്തിയ സാമൂഹ്യ പ്രവര്‍ത്തകരും കടുംബശ്രീ ഭാരവാഹികളും പ്രതിഷേധിച്ചു.
ഇതോടെ പരിപാടി നേരത്തെ അവസാനിപ്പിച്ചു. ഇതോടെ സര്‍ക്കാര്‍ നിര്‍ദേശിച്ച ജാഗ്രത കലണ്ടര്‍ അനുസരിച്ച് മഴക്കാലത്തിനു മുമ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മണ്ണാര്‍ക്കാട്ട് പൂര്‍ത്തിയാവില്ലന്ന് ഉറപ്പായി. കഴിഞ്ഞമാസം നഗരസഭ തന്നെ വിളിച്ച വകുപ്പ് മേധാവികളുടെ യോഗത്തിലും കൗണ്‍സിലര്‍മാര്‍ പങ്കെടുത്തിരുന്നില്ല.

RELATED STORIES

Share it
Top