മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ ചുവപ്പ് നാടയില്‍

നാദാപുരം: നിയോജക മണ്ഡലത്തില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളില്‍ രണ്ടെണ്ണം അധികൃതരുടെ അനാസ്ഥയില്‍ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. ഓരോ കുടി വെള്ളപദ്ധതിക്കും എംഎല്‍എ ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.വാണിമേല്‍ പഞ്ചായത്തിലെ വാളാന്തോട്, തൂണേരി പഞ്ചായത്തിലെ ബാലവാടി എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികളാണ് ജല അതോറിറ്റി അധികൃതരുടെ അനാസ്ഥയില്‍ മുടങ്ങി കിടക്കുന്നത്.ഒരു വര്‍ഷം മുമ്പ് എംഎല്‍എ ഫണ്ട് അനുവദിച്ചിരുന്നു.
വാളാന്തോട്,ബാലവാടി പദ്ധതികളൊഴിച്ച് മറ്റുള്ള കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി തുടങ്ങി കഴിഞ്ഞു.വാളാന്തോടും,ബാലവാടിയിലും ടാങ്ക് നിര്‍മിക്കാനും,കിണര്‍ കുഴിക്കാനുമുള്ള സ്ഥലങ്ങള്‍ വിട്ട് നല്‍കിയെങ്കിലും ജല അതോറിറ്റി ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ട് പോകാത്തതാണ് പ്രവൃത്തി ആരംഭിക്കുന്നതിന് തടസമായത്.വേനല്‍കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന വാളാന്തോടില്‍ ടാങ്ക് നിര്‍മിക്കാന്‍ ഒന്നര സെന്റ് സ്ഥലം വിട്ട് നല്‍കിയത് പത്ത് സെന്റ് സ്ഥലം മാത്രമുള്ള മൂലക്കാട്ടില്‍ മന്ദിയാണ്.പട്ടിക ജാതി,പട്ടിക വര്‍ഗത്തില്‍പ്പെട്ടവരടക്കം 45 ഓളം കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതാണ് വാളാന്തോട് കുടിവെള്ള പദ്ധതി.തൂണേരി പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് പതിനാലാം വാര്‍ഡില്‍പെട്ട ബാലവാടി ഭാഗം.ഇവിടെയും കിണര്‍ കുഴിക്കാനും ടാങ്ക് നിര്‍മിക്കാനുമുള്ള സ്ഥലം സ്വകാര്യ വ്യക്തികള്‍ വിട്ട് നല്‍കിയിരുന്നു.സ്ഥലം വിട്ട് നല്‍കി മാസങ്ങളായെങ്കിലും വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ ജല അതോറിറ്റിയുമായി നിരന്തരം ബന്ധപ്പടുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനക്കമില്ലെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാദാപുരം വിശ്രമ മന്ദിരത്തില്‍ എംഎല്‍ എ ജല അതോറിറ്റി എന്‍ജിനീയര്‍മാരെ വിളിച്ച് വരുത്തി തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ടി നിര്‍ദേശിച്ചു.

RELATED STORIES

Share it
Top