മണ്ഡലത്തിന്റെ സമഗ്ര വികസനം ഏകോപിപ്പിക്കാന്‍ പുതിയ ട്രസ്റ്റുമായി എംഎല്‍എ

കോഴിക്കോട്: മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട്്് സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നതിനായി ‘മിഷന്‍ കോഴിക്കോട് എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചതായി ഡോ. എം കെ മുനീര്‍. കോഴിക്കോട് സൗത്ത് മണ്ഡലം കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക.
പദ്ധതികള്‍ പ്രയോഗത്തില്‍ വരുന്നതോടെ ഇത് സംസ്ഥാനത്തിന് മാതൃകയാക്കാവുന്ന സംരംഭമാവുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ എം കെ മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാറിന്റെ ജനക്ഷേമ ഫണ്ടുകള്‍ക്കൊപ്പം സ്വാകാര്യ മേഖലയുടെ സന്നദ്ധസഹകരണവും കൂട്ടിയിണക്കി വിവിധ ജനപക്ഷ പദ്ധതികള്‍ക്ക് ട്രസ്റ്റ് രൂപം നല്‍കിക്കഴിഞ്ഞു.
ഭവന നിര്‍മാണം ചെറുകിട കുടിവെള്ള പദ്ധതികള്‍ കല്ലായിപ്പുഴ നവീകരണം ബീച്ച് നവീകരണം എന്നിവ ഉള്‍ക്കൊള്ളുന്ന ‘അടിസ്ഥാന സൗകര്യ വികസനം, നിത്യ രോഗികള്‍ക്ക് മെഡി കാര്‍ഡ് സൗജന്യ ചികില്‍സ മെഗാ മെഡിക്കല്‍ ക്യാംപുകള്‍ പകര്‍ച്ച വ്യാധി പ്രതിരോധം സര്‍ക്കാര്‍ ചികില്‍സാലയങ്ങളുടെ നവീകരണം തുടങ്ങിയവ ഉള്‍ച്ചേരുന്ന ‘ആരോഗ്യ പരിരക്ഷ, വിധവ പെന്‍ഷന്‍-സ്വയം തൊഴില്‍ മംഗല്യ സഹായം ജാഗ്രതാ സമിതികളുടെ ശാക്തീകരണം എന്നവയുമായി ‘സ്ത്രീ സുരക്ഷ, പിതാവും മാതാവും മരണപ്പെട്ട കുട്ടികള്‍ക്ക് സമ്പൂര്‍ണ പഠന സഹായം ഉന്നത വിജയം നേടുന്നവരെ ആദരിക്കല്‍ സ്‌കോളര്‍ഷിപ്പ് മെഗാ ക്വിസ് എന്നിവ അടങ്ങുന്ന ‘വിദ്യാര്‍ഥി’ തുടങ്ങി, നഗരത്തിലെ ഓട്ടോ റിക്ഷാ തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ‘ഓട്ടോ തൊഴിലാളി ക്ഷേമം’ എന്നിങ്ങനെ എല്ലാ മേഖലകളേയും ഉള്‍ക്കൊള്ളുന്ന പദ്ധതികളാണ് ട്രസ്റ്റിന്റെ മുന്‍കയ്യില്‍ ഏകോപിപ്പിക്കുക. തയ്യാറാക്കിയ പദ്ധതികളില്‍ ചിലതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു.
സൗത്ത് മണ്ഡലത്തെ മാനില്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ശുദ്ധി പദ്ധതി ഇതിലൊന്നാണ്. തീപ്പൊളളലിന്റെ മുറിപ്പാടുകളുമായി ജീവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന ബേണ്‍ ടു ഷൈന്‍ പദ്ധതിയും ഇതിനകം ആരംഭിച്ചു. ബേബി മെമ്മോറിയല്‍, ജില്ലാ സഹകരണ ആശുപത്രി, മെഡിക്കല്‍ കോളജ്, നാഷ്ണല്‍ എന്നീ ആശുപത്രികളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടന്നു വരുന്നത്.
സര്‍ക്കാറിന്റേയും സന്നദ്ധ സംഘടനകളുടേയും സ്വകാര്യ സംരംഭകരുടേയും സംയുക്ത പങ്കാളത്തത്തോടെ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള പദ്ധതി ആരംഭിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. ട്രസ്റ്റ് ഭാരവാഹികളായ റോഷന്‍ കൈനടി, ഡോ.സുനീഷ്, കെ ഇ മൊയ്തു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top