മണിയൂര്‍ ജലനിധി പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നുവടകര: പഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതിയായ ജലനിധി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സമ്പൂര്‍ണ കുടിവെള്ള പഞ്ചായത്തായി മണിയൂര്‍ മാറും. ജനസംഖ്യയിലും വിസ്തൃതിയിലും ജില്ലയിലെ വലിയ പഞ്ചായത്തുകളില്‍ ഒന്നാണ് മണിയൂര്‍. ശുദ്ധമായ കുടിവെള്ളം മുഴുവന്‍ കുടുംബങ്ങള്‍ക്കും ലക്ഷ്യമാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതോടെ വികസനത്തിന്റെ മറ്റൊരു ചരിത്രംകൂടി സൃഷ്ടിക്കുകയാണ് മണിയൂര്‍ പഞ്ചായത്ത്. 2012ല്‍ ആരംഭിച്ച ജലനിധിയുടെ രണ്ടാംഘട്ട പദ്ധതിയില്‍ രണ്ടാമത്തെ ബാച്ചായിട്ടാണ് മണിയൂര്‍ പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയത്. ഒയിസ്‌ക ഇന്റര്‍നാഷനല്‍ കോഴിക്കോടിനാണ് പദ്ധതി നിര്‍വഹണ ചുമതല. 21 വാര്‍ഡുകളിലായി ഗുണഭോക്തൃ ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.  ജലവിതരണത്തിന്റെ അവസാന ഘട്ടപ്രവൃത്തി പുരോഗമിക്കുന്നു.മണിയൂര്‍ സമഗ്ര ശുദ്ധജല പദ്ധതി ഉള്‍പ്പെടെ ഇരുപത് പദ്ധതികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. 19 പദ്ധതികളും പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗുണഭോക്തൃ സമിതിക്ക് കൈമാറി. വലിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ 2545 കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാനാകും. വാട്ടര്‍ ടാങ്ക് ശുദ്ധീകരണ ശാല ഗുണഭോക്തൃ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓഫീസ് കെട്ടിടം, പമ്പ് ഹൗസ് നിര്‍മാണം എന്നിവ  പൂര്‍ത്തീകരിച്ചു. സമഗ്ര ശുദ്ധജല പദ്ധതിക്ക് ചെരണ്ടത്തൂര്‍ ചിറയിലെ കിണറില്‍ നിന്നും മുടപ്പിലാവില്‍ വെട്ടില്‍പീടികയില്‍ നിര്‍മിച്ച കുളത്തില്‍ നിന്നുമാണ് കുടിവെള്ളം എത്തിക്കുന്നത്. മൂന്നര ലക്ഷം ലിറ്റര്‍ ശേഷിയുള്ള സിങ്ക് അലൂമിനിയം ടാങ്കും അനുബന്ധ  ഉപകരണങ്ങളും നവോദയ വിദ്യാലയത്തിനടുത്താണ് സ്ഥാപിച്ചത്. 12.16 കോടി രൂപയാണ് പദ്ധതി ചെലവ്. സര്‍ക്കാര്‍ 75 ശതമാനവും 15 ശതമാനം പഞ്ചായത്ത് വിഹിതവും പത്ത് ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. പദ്ധതികളില്‍ എല്ലാം തന്നെ നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. ചെങ്കല്ല് ഉപയോഗിച്ചാണ് കിണറുകള്‍ നിര്‍മിച്ചത്. ലവല്‍ സര്‍വെയും ഹൈഡ്രോളിക് ഡിസൈനും നടത്തിയാണ് വിതരണ ശൃംഖല രൂപീകരിച്ചത്. എയ്‌റേഷന്‍, സിഡിമിന്റേഷന്‍ എന്നീപ്രവര്‍ത്തികള്‍ വഴി ജലം ശുദ്ധീകരിച്ച് ഫില്‍ട്ടറേഷനും അയേണ്‍ റിമൂവലും ചെയ്തതിന് ശേഷമാണ് കുടിവെള്ളം വിതരണത്തിന് എത്തിക്കുന്നത്. ശുചിത്വ സംവിധാനം ഉറപ്പാക്കാനും ജലനിധിക്ക് കഴിഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ബയോഗ്യാസ് പ്ലാന്റും പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും സ്ഥാപിച്ചു. വിദ്യാലയങ്ങളില്‍ ശുചിത്വത്തിനായി സാനിറ്റേഷന്‍ യൂണിറ്റുകളും നിര്‍മിച്ച് നല്‍കി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജലനിധി പദ്ധതി ഉദ്ഘാടനം ജൂണില്‍ നടക്കുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.

RELATED STORIES

Share it
Top