മണിയുടെ ഓര്‍മയില്‍ ചാലക്കുടി; ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ചാലക്കുടി: കലാഭവന്‍ മണി മരിച്ചിട്ട് രണ്ട് വര്‍ഷം തികയുമ്പോള്‍ ചാലക്കുടിക്കാര്‍ക്കിത് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ ദിനമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനമടക്കം വിവിധ ചടങ്ങുകള്‍ സംഘടിപ്പിച്ചാണ് മണിയുടെ സുഹൃത്തുക്കളും നാട്ടുകാരും ചരമവാര്‍ഷികം ആചരിച്ചത്.
മണിയുടെ സുഹൃത്തുക്കള്‍ മണിയുടെ ഓര്‍മ്മക്കായി രൂപം നല്‍കിയ കാസ്‌കേഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ക്ലബ്ബിന്റെ ആദ്യ ജീവകാരുണ്യപ്രവര്‍ത്തിന്റെ ഭാഗമായി നിര്‍ധനയായ ഒരു വിധവക്ക് വീട് വച്ച് നല്‍കിയാണ് പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചത്. പോട്ടയിലെ ഭവന നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് മുന്‍ ദേശീയ ഫുട്‌ബോള്‍ താരങ്ങളായ ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി എന്നിവര്‍  നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ചാലക്കുടി: കലാഭവന്‍ മണിയുടെ ചരമദിനാചരണത്തോട് അനുബന്ധിച്ച് ചേനത്തുനാട്ടിലുള്ള മണിയുടെ വീട്ടില്‍ ആരാധകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.
മണിയുടെ ശവകുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്താനും നിരവധി പേരെത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ എന്നിവരും പുഷ്പാച്ചന നടത്താനെത്തി.സൗത്ത് ജംഗ്ഷനിലെ മണിച്ചേട്ടന്റെ ഓട്ടോ സ്റ്റാന്റില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ പുഷ്പാര്‍ച്ചന നടത്തി.

RELATED STORIES

Share it
Top