മണിക് സീറോ; മാണി ഹീറോ

രാഷ്ട്രീയ കേരളം - എച്ച് സുധീര്‍
ത്രിപുരയിലെ മണിക് സര്‍ക്കാരിന്റെ പതനത്തിന്റെ ഞെട്ടലില്‍ നിന്നു സിപിഎം ഇപ്പോഴും കരകയറിയിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും കോണ്‍ഗ്രസ്സിനെയും ഒന്നാകെ വിഴുങ്ങി ബിജെപി ഉയര്‍ത്തിയ വെല്ലുവിളി കാണാതെപോയതാണ് ത്രിപുരയില്‍ സിപിഎമ്മിനു പറ്റിയ ഒന്നാമത്തെ പിഴവ്. മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവവും പാരമ്പര്യവും മാത്രം പറഞ്ഞ് വിജയിക്കാനാവില്ലെന്ന തിരിച്ചറിവും സിപിഎമ്മിന് ഉണ്ടായില്ല.
കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെ നെഞ്ചോടു ചേര്‍ത്തിരുന്ന ബംഗാളിനു പുറമേ ത്രിപുരയും കൈവിട്ടുപോയതോടെ മാര്‍ക്‌സിസ്റ്റ് ഭരണം കേരളത്തിലേക്ക് ഒതുങ്ങി. വല്യേട്ടന്‍ മനോഭാവമൊക്കെ മാറ്റിവച്ച് ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ ഒപ്പം നിര്‍ത്തി മതേതര കക്ഷികളുടെ മുന്നേറ്റം ഉണ്ടാക്കിയാല്‍ സിപിഎമ്മിനു ഭാവിയില്‍ നില ഭദ്രമാക്കാം. സീതാറാം യെച്ചൂരിയും വിഎസുമൊക്കെ മുന്നോട്ടുവച്ച ആശയങ്ങളുടെ കാതല്‍ ഇനിയെങ്കിലും കാരാട്ട് അനുകൂലികള്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ വിപത്തിലേക്കാവും കാര്യങ്ങള്‍ എത്തുക.
ഇനി കേരളത്തിലേക്കു വരാം. മറ്റൊരു ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലേക്കു നീങ്ങുകയാണ് കേരളം. ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ സീറോ ആയെങ്കില്‍ ഇങ്ങ് കേരളത്തില്‍ കെ എം മാണിക്കു പിറകെയാണ് മുന്നണികള്‍. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നാണ് പറയാറ്. കേരള രാഷ്ട്രീയം ഇതിന്റെ ഉത്തമോദാഹരണവുമാണ്. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കുന്നതില്‍ വലിയ രാഷ്ട്രീയപ്രാധാന്യം ഉണ്ടെന്നു വേണം കരുതാന്‍.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു മുമ്പുതന്നെ കെ എം മാണിയെ രക്ഷിച്ചെടുക്കാനുള്ള വേഗവും വ്യഗ്രതയും കാണുമ്പോള്‍ മുമ്പ് ധനമന്ത്രിയായിരുന്ന മാണിക്കെതിരേ അന്നത്തെ പ്രതിപക്ഷവും സിപിഎമ്മും പറഞ്ഞതും ചെയ്തുകൂട്ടിയതും ഓര്‍ത്തുപോവുകയാണ്. അന്നു മാണിക്കെതിരേ പട നയിച്ച് സര്‍ക്കാര്‍വിരുദ്ധ വികാരം കത്തിച്ചുവിട്ടവര്‍ ഇപ്പോഴിതാ മാണിയെ കൂടെ നിര്‍ത്തി എല്‍ഡിഎഫിന്റെ അടിത്തറ വികസിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ കേരളാ കോണ്‍ഗ്രസ്സിന്റെ വോട്ട് പൂര്‍ണമായും തങ്ങളുടെ പെട്ടിയിലാക്കണമെന്നാണ് സിപിഎമ്മിന്റെ ആഗ്രഹം. മാണിക്കെതിരേ സിപിഐ വാളെടുത്തതാണ് സിപിഎമ്മിനു മുന്നിലുള്ള ഏക തടസ്സം. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന ചെങ്ങന്നൂരില്‍ സിപിഎമ്മിനു ജയിച്ചുകയറിയേ മതിയാവൂ. മല്‍സരരംഗത്തുള്ളത് സിപിഎം സ്ഥാനാര്‍ഥി കൂടിയായതിനാല്‍ കോണ്‍ഗ്രസ്സില്‍ നിന്നു പിടിച്ചെടുത്ത സീറ്റ് നിലനിര്‍ത്തുകയെന്നത് അഭിമാനപ്പോരാട്ടം കൂടിയാണ്. നിയമസഭയില്‍ വന്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും ചെങ്ങന്നൂരില്‍ അത്ര വേഗം ജയിക്കണമെന്നില്ലെന്ന ഉത്തമബോധ്യവും സിപിഎമ്മിനുണ്ട്. മലപ്പുറത്തും വേങ്ങരയിലും ലീഗ് കോട്ടയെന്നു പറഞ്ഞുനിന്നെങ്കിലും ചെങ്ങന്നൂരില്‍ സിപിഎമ്മിനു മുന്നില്‍ ജയത്തിനപ്പുറം മറ്റൊന്നുമില്ല.
ത്രികോണമല്‍സരത്തില്‍ കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയിച്ചെങ്കിലും ബിജെപി 40,000ലധികം വോട്ടാണ് പിടിച്ചത്. 52,880 വോട്ട് നേടിയ സിപിഎം നേതാവായ കെ കെ രാമചന്ദ്രന്‍ നായര്‍ 7983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. സിറ്റിങ് എംഎല്‍എ ആയിരുന്ന പി സി വിഷ്ണുനാഥിന് 44,897 വോട്ടും ബിജെപിയുടെ ശ്രീധരന്‍പിള്ളയ്ക്ക് 42,682 വോട്ടുമാണ് ലഭിച്ചത്.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നതാണ് കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ ഡിമാന്റ് വര്‍ധിക്കാനുള്ള കാരണം. ഏകദേശം പതിനായിരത്തോളം വോട്ട് മണ്ഡലത്തിലുണ്ടെന്നാണ് മാണിയുടെ അവകാശവാദം. ഇതൊക്കെ മനസ്സിലാക്കിയതുകൊണ്ടാവണം ഉപതിരഞ്ഞെടുപ്പിനു മുമ്പ് കെ എം മാണിയെ മുന്നണിയിലെത്തിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ഇറങ്ങിയത്. മാണിയെ യുഡിഎഫില്‍ തിരികെയെത്തിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി എംപിയെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളും സജീവമാണ്. ഇതിനു പിന്നാലെ ചാക്കിട്ടുപിടിത്തവുമായി ബിജെപിയും സജീവമാണ്. ഇന്നലെ പാലായിലെ വീട്ടിലെത്തി ബിജെപി നേതാവ് പി കെ കൃഷ്ണദാസ് മാണിയുമായി കൂടിക്കാഴ്ചയും നടത്തി.
ഇന്നു കേരളാ കോണ്‍ഗ്രസ്-എം സ്റ്റിയറിങ് കമ്മിറ്റി നടക്കാനിരിക്കെയാണ് കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളാവും ഇന്നത്തെ യോഗത്തിലെ അജണ്ട. ചെങ്ങന്നൂരില്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ പ്രകടമായ പിന്തുണ നല്‍കാതെയുള്ള തന്ത്രപരമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത. പാര്‍ട്ടിക്കകത്ത് യുഡിഎഫ് അനുകൂലികളും എല്‍ഡിഎഫ് അനുകൂലികളുമുണ്ട്. എന്നാല്‍, രണ്ടു മുന്നണികളിലുമില്ലാതെ നില്‍ക്കുന്നതിലെ രാഷ്ട്രീയ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നു വാദിക്കുന്നവരും കേരളാ കോണ്‍ഗ്രസ്സിലുണ്ട്. സംസ്ഥാന സമ്മേളനത്തിലും സിപിഐ കടുത്ത നിലപാട് എടുത്തതിനാല്‍ എല്‍ഡിഎഫ് പ്രവേശനത്തിന് ഉടനെയെങ്ങും സാധ്യതയില്ലെന്നു വാദിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കോണ്‍ഗ്രസ് ബന്ധത്തില്‍ വീണ വിള്ളല്‍ ഇനിയും തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ യുഡിഎഫിലേക്കു മടങ്ങാനുള്ള നീക്കത്തിനും വേഗമായിട്ടില്ല.
ഏതെങ്കിലും മുന്നണിക്കു പിന്തുണ പ്രഖ്യാപിക്കുകയും അവര്‍ പരാജയപ്പെടുകയും ചെയ്താല്‍ ഭാവിസാധ്യതകള്‍ക്കു തടസ്സമാവുമെന്ന വിലയിരുത്തലാണ് ഇത്തരമൊരു നീക്കത്തിനു പിന്നില്‍. ചുരുക്കത്തില്‍, മുന്നണികള്‍ മുന്‍വാതിലിലൂടെയും പിന്‍വാതിലിലൂടെയും ചര്‍ച്ചകള്‍ നടത്തുമ്പോഴും മനസ്സു തുറക്കാത്ത മാണി മുന്നണികളെ നോക്കി 'ഒരു അഡാറ് ലൗ' സ്‌റ്റൈലില്‍ കണ്ണിറുക്കി കളിക്കുകയാണ്.
അതേസമയം, കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ഭരണത്തിന്റെ പതനത്തിനു ചെങ്ങന്നൂരില്‍ നിന്ന് എന്‍ഡിഎ തുടക്കമിടുമെന്നാണ് ബിജെപിക്കാര്‍ ദിവാസ്വപ്‌നം കാണുന്നത്. എന്നാല്‍, അതു വെറും ദുസ്വപ്‌നം മാത്രമായി മാറുമെന്നാണ് സഖ്യകക്ഷിയായ ബിഡിജെഎസിന്റെ നിലപാട്. ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുമായി നിസ്സഹകരണം തുടരാനാണ് ബിഡിജെഎസ് തീരുമാനം. ആന കൊടുത്താലും ആശ കൊടുക്കാന്‍ പാടില്ലെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ആശ കൊടുത്തിട്ട് പാലിച്ചില്ലെങ്കില്‍ അതു കൊടിയ വഞ്ചനയാണ്.
നല്‍കിയ പതിനാലോളം വാഗ്ദാനങ്ങള്‍ പാലിക്കാത്ത ബിജെപിയുടെ വഞ്ചനയാണ് ബിഡിജെഎസിനെ ചൊടിപ്പിച്ചത്. കേരളം പറ്റിയ മണ്ണല്ലാത്തതിനാല്‍ യുപിയില്‍ നിന്നു ബിഡിജെഎസിന്റെ അമരക്കാരനായ തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭയിലേക്ക് സ്വീകരിച്ച് ആനയിക്കുമെന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്. അതിനുള്ള ഉടുപ്പും തുന്നി കാത്തിരിക്കുന്നതിനിടെയാണ് തുഷാറിനെ വെട്ടി വി മുരളീധരനു ലോട്ടറിയടിച്ചത്. നാലു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബിജെപി നേതാക്കളില്‍ ഒരാളെ കേരളത്തില്‍ നിന്നു പരിഗണിക്കാന്‍ കേന്ദ്രനേതൃത്വം തയ്യാറായത്. കുമ്മനത്തോടും കൂട്ടരോടും പോരടിച്ച് ദിനങ്ങള്‍ തള്ളിനീക്കുന്നതിനിടെയാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വി മുരളീധരനു മഹാരാഷ്ട്ര വഴി രാജ്യസഭയിലേക്ക് വഴിതുറന്നത്.
തുഷാറിനെ ചവിട്ടിത്താഴ്ത്തിയെന്നു മാത്രമല്ല, ഒപ്പമുള്ളവര്‍ക്ക് നല്‍കാമെന്നു പറഞ്ഞ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും വെള്ളത്തില്‍ വരച്ച വര പോലെയായി. വിളിച്ചുണര്‍ത്തിയിട്ട് ചോറില്ലെന്നു പറയുന്ന സംഭവം നിരന്തരം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ എന്‍ഡിഎയില്‍ ഇനി നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവ് ബിഡിജെഎസിന് ഉണ്ടായത്. ആ തിരിച്ചറിവ് ഫലപ്രദമായി വിനിയോഗിച്ചാല്‍ ബിഡിജെഎസിനു മെച്ചമുണ്ടാവുമെന്നതില്‍ സംശയമില്ല.                       ി

RELATED STORIES

Share it
Top