മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായിട്ട് ദിവസങ്ങള്‍

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായിട്ട്  ദിവസങ്ങള്‍ കഴിഞ്ഞു. മറുകരയെത്താന്‍ പാലം വേണമെന്ന ആവശ്യം ശക്തമാവുന്നു.
കനത്ത മഴയെ തുടര്‍ന്ന് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങുകയും ഉള്‍പ്രദേശങ്ങളിലേക്ക് വെള്ളം കയറി വീടുകളൊഴിഞ്ഞു പരിസരവാസികള്‍ ബന്ധു വീടുകളിലും മറ്റും അഭയം തേടി. വീടുകളില്‍ നിന്ന് ആളുകള്‍ സാധനങ്ങളുമായി മാറിത്തുടങ്ങി. മണികണ്ഠന്‍ചാല്‍ സെന്റ് മേരീസ് കത്തോലിക്കാ പള്ളി ആളുകള്‍ക്കായി തുറന്നുകൊടുത്തു. സിഎസ്‌ഐ പള്ളിയിലും ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
ആറോളം ആദിവാസികുടികള്‍ ഉള്‍പ്പെടെ ആയിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക സഞ്ചാരമാര്‍ഗമായ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് നില്‍ക്കുന്നിടത്ത് പുതിയ പാലം എന്ന ആവശ്യം ഉയര്‍ന്നിട്ടു നാളുകളായി. 2000-2002 കാലഘട്ടത്തിലാണ് അന്നത്തെ എംപി ഫ്രാന്‍സിസ് ജോര്‍ജിന്റെ ഫണ്ട് ഉപയോഗിച്ച് ചപ്പാത്ത് നിര്‍മിച്ച് നല്‍കിയത്. എന്നാല്‍ നാളിത് വരെയായിട്ടും  മാറി മാറി വരുന്ന സര്‍ക്കാര്‍ ഒരു പാലം പണിയാന്‍ തയ്യാറായിട്ടില്ല എന്നതാണ് സത്യം. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് പാലം വീണ്ടും വെള്ളത്തില്‍ മുങ്ങിയ തോടെ മണികണ്ഠന്‍ചാല്‍, ഉറിയംപെട്ടി, വെള്ളാരംകുത്ത് മേഖലകള്‍ ഒറ്റപ്പെട്ടു.
കഴിഞ്ഞമാസം ഒരാഴ്ചയോളം ഈ പ്രദേശം ഒറ്റപ്പെട്ടു പോയതാണ്. സ്‌കൂളില്‍ പോയിരിക്കുന്ന വിദ്യാര്‍ഥികള്‍, പണിക്കു പോയിരിക്കുന്ന ആളുകള്‍ പൂയംകുട്ടിയില്‍ ബന്ധുവീടുകളിലും മറ്റും കിടന്നുറങ്ങേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍. രോഗികളായ ആദിവാസികള്‍ക്ക് ടൗണില്‍ എത്തി ചികിത്സ പോലും കൊടുക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്.
ആദിവാസി കുടികളില്‍ നിന്ന് പണിക്കുപോയ വര്‍ക്ക് മൊബൈല്‍ റേഞ്ചില്ലാത്ത കൊണ്ട് വീടുകളില്‍ അറിയിക്കാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടാകുന്നു. ഈ മേഖലയില്‍ മൊബൈല്‍ കവറേജ് ഇല്ലാത്തതും പലപ്പോഴും ഇവിടെ നടക്കുന്ന പല സംഭവങ്ങളും പുറത്തറിയാന്‍ താമസം ഉണ്ടാകുന്നു.
പുതിയപാലം ആവശ്യപ്പെട്ടു നാട്ടുകാര്‍ മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top