മണല്‍ ഖനന നിരോധനം: തൊഴില്‍- നിര്‍മാണ മേഖല സ്തംഭിക്കുന്നുവൈക്കം: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അശാസ്ത്രീയമായ പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെള്ളൂര്‍, മുളക്കുളം, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ മൂവാറ്റുപുഴയാറില്‍ നിന്നുള്ള മണല്‍ ഖനനം നിരോധിച്ച് ഉത്തരവിറക്കിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. പിറവം നഗരസഭയെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് പഠനം നടത്തിയത്. മൂവാറ്റുപുഴയാറിന്റെ തീരപ്രദേശങ്ങളാണ് പഠനവിധേയമാക്കിയത്. തീരങ്ങളില്‍ മണലിന് പകരം ചെളിയാണ് അടിഞ്ഞുകൂടിയിരിക്കുന്നത്.
പുഴയുടെ മധ്യഭാഗത്താണ് മണല്‍ നിറഞ്ഞുകിടക്കുന്നത്. പഠനം ആരംഭിക്കുന്നതിനുമുന്‍പ് പഞ്ചായത്തുകളെ സമീപിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഇതൊന്നും പാലിക്കാന്‍ ഏജന്‍സി കൂട്ടാക്കിയില്ല. പഠനറിപോര്‍ട്ട് വന്നപ്പോഴാണ് വെള്ളൂര്‍, തലയോലപ്പറമ്പ്, പഞ്ചായത്ത് അധികാരികള്‍ വിവരം അറിയുന്നത്. ജില്ല കേന്ദ്രീകരിച്ച് സജീവമായിക്കൊണ്ടിരിക്കുന്ന എംസാന്റ് ലോബിയാണ് പഠന ഏജന്‍സിക്കു മുന്നി ല്‍ ചരടുവലികള്‍ നടത്തിയതെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. നിയമപ്രകാരമുള്ള മണല്‍ഖനനം നിലച്ചതോടെ അവസരം മുതലാക്കി മണല്‍ മാഫിയ കൊള്ള നടത്തുകയാണ്. രാത്രിപകല്‍ വ്യത്യാസമില്ലാതെ ഇവര്‍ മണലൂറ്റ് നടത്തുന്നു. പോലിസോ റവന്യു വകുപ്പോ ഈ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല. ഖനനം നിലച്ചതോടെ വെള്ളൂര്‍ പഞ്ചായത്താണ് ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത്. പഞ്ചായത്തില്‍ ആറ് കടവുകളാണ് ഉണ്ടായിരുന്നത്. കടവുകള്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ദിവസേന ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് പഞ്ചായത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ കടവുകള്‍ നിലച്ചതോടെ വന്‍സാമ്പത്തിക ബുദ്ധിമുട്ടുകളാണ് പഞ്ചായത്തിന് നേരിടുന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പണിയും ഇല്ലാതായി.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വെള്ളൂരിലെ ഏറ്റവും ശക്തമായ പ്രചാരണവിഷയം മണല്‍ തന്നെയായിരുന്നു. മേഖലയിലെ പ്രതിസന്ധി തന്നെയാണ് യുഡിഎഫില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ എ ല്‍ഡിഎഫിനെ സഹായിച്ചതും. എന്നാല്‍ ഇപ്പോഴത്തെ പഠന റിപോര്‍ട്ട് മണല്‍ക്കടവുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതു മറികടക്കാന്‍ തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി പ്രക്ഷോഭപരിപാടികള്‍ തുടങ്ങിയിട്ടും അധികാരികള്‍ കണ്ണു തുറക്കുന്നില്ല.
തൊഴിലാളികളില്‍ അധികവും കോണ്‍ഗ്രസ്, സിപിഎം, സിപിഐ പാര്‍ട്ടികളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. സഹകരണ മേഖലയിലെന്ന പോലെ തന്നെ മണല്‍ മേഖലയോടും കേന്ദ്രത്തിന് അത്ര താ ല്‍പര്യമില്ലാത്ത സാഹചര്യമാണ്. താലൂക്കിലെ നിര്‍മാണമേഖലയെല്ലാം ആശ്രയിച്ചിരുന്നത് ഈ മൂന്ന് പഞ്ചായത്തുകളില്‍ നിന്നുള്ള മണലിനെയായിരുന്നു. നിലവിലെ സാഹചര്യം നിര്‍മാണമേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കെട്ടിടനിര്‍മാണ തൊഴിലാളികള്‍ക്കുപോലും പണി ഇല്ലാതാക്കിയിരിക്കുന്നു. സര്‍ക്കാര്‍ സഹായം ഉപയോഗിച്ചുള്ള വീടുനിര്‍മാണവും മുടങ്ങിക്കിടക്കുകയാണ്. യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കി ല്‍ ഫണ്ട് ലാപ്‌സാകും. ഇതുപോലുള്ള നിരവധി വിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മണല്‍ക്കടവുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച അധികാരികളുടെ നടപടിക്കെതിരെ രാഷ്ട്രീയം മറന്ന് ജനപ്രതിനിധികള്‍ ഒത്തുകൂടിയിട്ടും ഒരു നടപടിയുണ്ടാവുന്നില്ല. വിഷയത്തില്‍ കലക്ടര്‍ മൂവാറ്റുപുഴയാറിലെ മണലിനെക്കുറിച്ച് കേന്ദ്രത്തില്‍ വിശദമായ റിപോര്‍ട്ട് നല്‍കണം.  അല്ലാതെ സ്വകാര്യ ഏജന്‍സികള്‍ നല്‍കുന്ന പൊള്ളയായ വിവരങ്ങള്‍ മണല്‍ മേഖലയെ നശിപ്പിക്കാനേ ഉപകരിക്കൂ. വിഷയത്തില്‍ എംപിയുടെ ഇടപെടലുകള്‍ അനിവാര്യമാണ്. തൊഴിലാളി കൂട്ടായ്മകള്‍ ഉരിത്തിരിഞ്ഞിട്ടും മാറ്റം വിദൂരതയിലാണ്.

RELATED STORIES

Share it
Top