മണല്‍ ഖനനം തടയുന്നതിന് നയമുണ്ടോയെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി

ന്യൂഡല്‍ഹി: നദികളെ നാശത്തിലേക്കു നയിക്കുന്ന അനിയന്ത്രിതമായ മണല്‍ ഖനനം തടയുന്നതിന് കേന്ദ്രസര്‍ക്കാരിനു നയമുണ്ടോ എന്ന് സുപ്രിംകോടതി. രാജസ്ഥാനിലെ അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. അനിയന്ത്രിതവും അനധികൃതവുമായ മണല്‍ഖനനം തടഞ്ഞില്ലെങ്കില്‍ നദികള്‍ വരള്‍ച്ചയിലേക്കു നീങ്ങുമെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു. വീടുകള്‍ നിര്‍മിക്കുന്നതിന് നിങ്ങള്‍ക്ക് മണല്‍ വേണം അതുകൊണ്ട് തന്നെ നിങ്ങള്‍ക്കതു തടയാന്‍ സാധിക്കില്ല. എന്നാല്‍  അനധികൃതമായ മണല്‍ ഖനനം നിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് നയമുണ്ടോ എന്നായിരുന്നു ബെഞ്ച് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകരോട് ചോദിച്ചത്.
നാളെ, ഗംഗയില്‍ നിന്നും യമുനയില്‍ നിന്നും മണല്‍ ഖനനം ചെയ്യാന്‍ ആരംഭിക്കും.  ഇതു ത—ടയണമെങ്കില്‍ ബദല്‍ മാര്‍ഗം കണ്ടത്തേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. എങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍  മണല്‍ ഖനനം നടക്കുന്നതെന്നും സുപ്രിംകോടതി ചോദിച്ചു.
കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മൂന്നാഴ്ചത്തേക്കു മാറ്റിവച്ചു. രാജസ്ഥാനിലെ പുഴകളില്‍ നടക്കുന്ന അനധികൃത മണല്‍ ഖനനങ്ങള്‍ നേരത്തേ സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു. വിഷയത്തില്‍ അടുത്ത വാദം കേള്‍ക്കുന്ന സമയത്ത് മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയേക്കും. മണല്‍ ഖനനം മൂലം രാജ്യത്തെ നദികള്‍ വരണ്ടുകൊണ്ടിരിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.

RELATED STORIES

Share it
Top