മണലൂറ്റും ചെളിമണ്‍ ഖനനവും കിടങ്ങൂരിന് ഭീഷണി; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

പാലാ: വന്‍തോതില്‍ നടക്കുന്ന നടക്കുന്ന മണലൂറ്റും ചെളിമണ്‍ ഖനനവും കിടങ്ങൂര്‍ സൗത്ത്‌മേഖലയില്‍  ജനജീവിതത്തിന് ഭീഷണിയാകുന്നു. ഇഷ്ടിക കളങ്ങള്‍ക്കുവേണ്ടി വന്‍തോതില്‍ നടക്കുന്ന ചെളിമണ്‍ ഖനനം മൂലം കിഴുനാടു, കിള്ളിക്കോണം പാടങ്ങള്‍ വന്‍ഗര്‍ത്തങ്ങളായി മാറിയിരിക്കുകയാണ്. ഇതിനോടു ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ കരമണലൂറ്റും തകൃതിയായി നടക്കുകയാണ്. മണലൂറ്റും ചെളിമണ്‍ ഖനനവും വ്യാപകമായതിനെത്തുടര്‍ന്ന് നിരവധി വീടുകളും ചെറിയ റോഡുകളും തകര്‍ച്ചയിലാണ്. കിടങ്ങൂര്‍ ക്ഷേത്രം പുന്നത്തുറ പള്ളി പഞ്ചായത്ത് റോഡില്‍ ആറിന്റെ തീരമിടിഞ്ഞ് റോഡിലെ ഗതാഗതം മുടങ്ങിയിരുന്നു. സമീപത്തുള്ള വീടുകളും ഭീഷണി നേരിടുകയാണ്. റോഡില്‍ കൂടി ദിവസേന നൂറ് കണക്കിനു ലോറികളാണ് കടന്നു പോവുന്നത്. ഖനന പ്രദേശത്തിന് 150 മീറ്ററിനുള്ളിലാണ് കിടങ്ങൂര്‍ ചെക്ക് ഡാം. ചെക്ക് ഡാമിന് താഴത്തുവശം ആറിന്റെ ഇരുകരകളും മണല്‍ ഊറ്റുമൂലം ഇടിഞ്ഞ നിലയിലാണ്. ചെറുകിട വ്യവസായങ്ങള്‍ക്കെന്ന പേരില്‍ ഉയര്‍ന്ന കുതിരശക്തിയുള്ള മോട്ടോറിന് അനുമതി നേടിയാണ് ചെളിമണ്‍ ഖനനവും മണലൂറ്റും നടക്കുന്നത്. വന്‍തോതില്‍ ചെളിയും വെള്ളവും പമ്പു ചെയ്യുന്നതുമൂലം കിണറുകളിലെ ജലനിരപ്പ് കുറയുകയും കിണറുകള്‍ മലിനമാവുകയും ചെയ്യുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. മാഫിയകളുടെ പ്രവര്‍ത്തനത്തിനെതിരേ ജനകീയ സമരം ആരംഭിക്കുമെന്ന് പുഴയോര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനപ്രതിനിധികളും റെസിഡന്‍സ് അസോസിയേഷനുകളും പങ്കാളികളാവും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. രാമചന്ദ്രന്‍ നായര്‍, പി രാധാകൃഷ്ണക്കുറുപ്പ്, ഗോപാലകൃഷ്ണന്‍ പേരൂര്‍, ഒ ജി ചന്ദ്രശേഖരന്‍ നായര്‍, ഗംഗാധരന്‍ ഗംഗോത്രി, മനോഹര്‍ പയറ്റുതറ പങ്കെടുത്തു.

RELATED STORIES

Share it
Top