മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന്ഏറ്റുമാനൂര്‍: എംസി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മൂന്നു പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡിന്റെ പൂവത്തുംമൂട് മുതല്‍ പട്ടിത്താനം വരെയുള്ള പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ നഗരസഭ 18ാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കി. അഡ്വ. കെ സുരേഷ്‌കുറുപ്പിന്റെ സാന്നിധ്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്് മോന്‍സി പേരുമാലില്‍ പരാതി മന്ത്രിക്ക് കൈമാറിയത്.മണര്‍കാട് മുതല്‍ പൂവത്തുംമൂട് വരെയുള്ള ഭാഗം പാലം ഉള്‍പ്പെടെ പണി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങളായി. പൂവത്തുംമൂട്ടില്‍ ഏറ്റുമാനൂര്‍ സംക്രാന്തി റോഡിലെത്തി മുട്ടി നില്‍ക്കുകയാണ് ബൈപാസ് റോഡ് ഇപ്പോള്‍. തിരുവഞ്ചൂര്‍ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളില്‍ പരിചയമില്ലാത്തവര്‍ നേരെ ഓടിച്ചു കയറുന്നത് എതിര്‍വശത്ത് റോഡിനായി ഏറ്റെടുത്ത കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തേക്കാണ്. ഈ രീതിയില്‍ ഒട്ടേറെ അപകടങ്ങള്‍ ഈ ഭാഗത്ത് ഉണ്ടാവുന്നതായി പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാട്ടുകാരും വ്യാപാരികളും ഇവിടെ ബോര്‍ഡുകള്‍ സ്ഥാപിച്ചതും ടാര്‍പോളിന്‍ വലിച്ചുകെട്ടിയതുമാണ് അല്‍പ്പം ആശ്വാസമായിരിക്കുന്നത്. എംസി റോഡിലെ ഗതാഗതക്കുരുക്കില്‍ നിന്ന് ഒഴിവാകാന്‍ പാലാ ഭാഗത്തുനിന്നുമുള്ള വാഹനങ്ങളും കോട്ടയം ടൗണിലെ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കെകെ റോഡിലൂടെ വരുന്ന മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഇപ്പോള്‍ ഏറ്റുമാനൂര്‍ സംക്രാന്തി റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പേരൂര്‍ റോഡിന് ആവശ്യത്തിനു വീതി ഇല്ലാത്തതിനാല്‍ ഇതിനകം നിരവധി അപകടങ്ങള്‍ക്ക് കാരണമായി. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകാവുന്ന കരിമ്പനം പാലത്തില്‍ നിന്ന് അടുത്തിടെ കാര്‍ തോട്ടിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. ശബരിമല സീസണില്‍ ഇടത്താവളമായ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തി ശബരിമലയ്ക്കു പോവുന്ന നല്ലൊരു ശതമാനം ഭക്തരും പേരൂര്‍ റോഡിലൂടെ മണര്‍കാടെത്തിയാണ് യാത്ര തുടരുന്നത്. എംസി റോഡ് നവീകരിച്ചിട്ടും ഏറ്റുമാനൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ല. ബൈപാസ് റോഡ് പൂര്‍ണമായാല്‍ എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി ടൗണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി തിരുവനന്തപുരം ഭാഗത്തേക്ക് പോകാനാവും. അതുപോലെ കിഴക്കന്‍ പ്രദേശങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്കും. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കി റോഡ് പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ വേണ്ടതു ചെയ്യണമെന്നാണ് ആവശ്യം.

RELATED STORIES

Share it
Top