മട്ടിണി, ഉരുവച്ചാല്‍ ഉപതിരഞ്ഞെടുപ്പ് സമാധാനപരംഇരിട്ടി: കനത്ത പോലിസ് സുരക്ഷയ്ക്കിടയില്‍ നടന്ന പായം പഞ്ചായത്ത് മട്ടിണി വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് സമാധാനപരം. പോളിങ് ശതമാനം 77.94 രേഖപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 77.84 ശതമാനമായിരുന്നു പോളിങ്. 1283 വോട്ടര്‍മാരില്‍ 1000 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. കിളിയന്തറ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടു ബൂത്തുകളിലായിരുന്നു വോട്ടെടുപ്പ്. അനിഷ്ടസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പിനെ തുടര്‍ന്ന് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ വി വി ലതീഷ്, എസ്‌ഐ പി സി സജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സായുധവിഭാഗം ഉള്‍പ്പെടെ 150ഓളം പോലിസുകാരെ ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിരുന്നു. രണ്ടു ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായി. പഞ്ചായത്ത് അംഗമായിരുന്ന കോണ്‍ഗ്രസിലെ തോമസ് പൊട്ടംകുളം വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നാലു സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. യുഡിഎഫിലെ ശ്രീനിവാസന്‍ കയ്യാലത്തും എല്‍ഡിഎഫിലെ പി എന്‍ സുരേഷും തമ്മിലായിരുന്നു പ്രധാന പോരാട്ടം. വോട്ടെണ്ണല്‍ ഇന്നു രാവിലെ 10ന് മാടത്തിയില്‍ പായം പഞ്ചായത്ത് ഓഫിസില്‍ നടക്കും. ഉരുവച്ചാല്‍: മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് സമാധാനപരം. 86 ശതമാനം പോളിങ് രേഖപ്പെടുത്തി. പഴശ്ശി ഗവ. എല്‍പി സ്‌കൂളിലെ ബൂത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. 1236 വോട്ടര്‍മാരില്‍ 1059 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. അതിനിടെ, ബൂത്തിനു സമീപം യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ സലാമിന്റെ മാതാവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് സിപിഎം പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതായി യുഡിഎഫ് നേതൃത്വം ആരോപിച്ചു. കൗണ്‍സിലര്‍ കോടഞ്ചേരി രാജന്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരത്തെടുപ്പ് വേണ്ടിവന്നത്. എല്‍ഡിഎഫിലെ എ കെ സുരേഷ് കുമാറും യുഡിഎഫിലെ കെ കെ അബ്ദുല്‍ സലാമും ബിജെപിയുടെ റീന മനോഹരനും തമ്മിലായിരുന്നു പ്രധാന മല്‍സരം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍,  മട്ടന്നൂര്‍ സിഐ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്തിരുന്നു. പോളിങ് ബൂത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്താനും വീഡിയോ ചിത്രീകരണത്തിനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വോട്ടെണ്ണല്‍ ഇന്നു രാവിലെ മട്ടന്നൂര്‍ നഗരസഭയിലെ സിഡിഎസ് ഹാളില്‍ ആരംഭിക്കും.

RELATED STORIES

Share it
Top