മട്ടാഞ്ചേരി ബോട്ട് ജെട്ടി സാമൂഹിക വിരുദ്ധരുടെ താവളമാവുന്നു

മട്ടാഞ്ചേരി: ദിനംപ്രതി നിരവധി യാത്രക്കാര്‍ വന്ന് പോവുന്ന ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മട്ടാഞ്ചേരി ബോട്ട്‌ജെട്ടി സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നു.
സന്ധ്യ മയങ്ങിയാല്‍ പിന്നെ ഇവിടം സാമൂഹിക വിരുദ്ധര്‍ കയ്യടക്കുകയാണ്. മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും അനാശ്യാസം വരെ നടന്നിട്ടും പോലിസ് ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നില്ലന്ന് ആക്ഷേപവുമുണ്ട്.
പോലിസ് സ്‌റ്റേഷന്റെ മൂക്കിന് താഴെയാണ് മട്ടാഞ്ചേരി ജെട്ടി സ്ഥിതി ചെയ്യുന്നത്. വൈകീട്ടായാല്‍ ഈ ഭാഗത്തെ കടകളെല്ലാം അടക്കും. ഇതോടെ ഇവിടം വിജനമായി മാറും. ഈ അവസരമാണ് സാമൂഹികവിരുദ്ധര്‍ മുതലെടുക്കുന്നത്. ബോട്ട് ജെട്ടിക്കകത്ത് ടിക്കറ്റ് കൗണ്ടറിന് സമീപം നോക്കിയാല്‍ നിരവധി മദ്യകുപ്പികളും മറ്റും കിടക്കുന്നത് കാണാം. ഭീതിജനകമായ അന്തരീക്ഷമാണ് ഈ ഭാഗത്ത്. രണ്ട് വര്‍ഷം മുമ്പ് വരെ ഇവിടെ കാവല്‍ ജോലിക്ക് ആളുണ്ടായിരുന്നു.
അന്ന് അതിരാവിലെ തുറക്കുന്ന ജെട്ടി വൈകീട്ട് അവസാനത്തെ സര്‍വീസിന് ശേഷം അടച്ചിടുമായിരുന്നു. കാവല്‍ക്കാരന്‍ പോയതോടെയാണ് ജെട്ടി സാമൂഹിക വിരുദ്ധര്‍ കയ്യടക്കാന്‍ തുടങ്ങിയത്. ഇവിടെ നേരത്തേ ഇരുചക്ര വാഹനങ്ങള്‍ക്ക് ജലഗതാഗത വകുപ്പ് പാര്‍ക്കിങ് ഫീസ് ഈടാക്കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ അതും നിലച്ച മട്ടാണ്. ഇരുചക്ര വാഹനങ്ങളും കാറുകളും അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന കേന്ദ്രമായി ജെട്ടി മാറിയിരിക്കുകയാണ്. ജെട്ടി ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ നാഥനില്ലാത്ത അവസ്ഥയായി മാറിയിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജെട്ടിയില്‍ നിന്ന കൂറ്റന്‍ മരം സമീപത്തെ കടയുടെ മേല്‍ക്കൂരയിലേക്ക് ചാഞ്ഞു. എന്നാല്‍ ഇത് വെട്ടി നീക്കാന്‍ ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ ആരും തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ശിഖിരങ്ങള്‍ കടയുടമ നീക്കം ചെയ്‌തെങ്കിലും മരം ഇപ്പോഴും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുകയാണ്. മറ്റൊരു മരത്തിന്റെ ശിഖിരത്തില്‍ താങ്ങിയാണ് മറിഞ്ഞ മരം നില്‍ക്കുന്നത്. ആ മരം വീണാല്‍ നിരവധി കടകള്‍ക്കും കാല്‍നട യാത്രികര്‍ക്കും വിനയാകും.

RELATED STORIES

Share it
Top