മട്ടാഞ്ചേരിയെ ഇങ്ങനെയും സിനിമയിലെടുക്കാം!എന്‍.എം. സിദ്ദീഖ്‌
ഇക്കാലമത്രയും (ന്യൂജെന്‍ സിനിമകളിലടക്കം) കണ്ട മട്ടാഞ്ചേരി സിനിമാ സീനുകള്‍ ഇങ്ങനെയായിരുന്നില്ല. ടൈറ്റില്‍ ഗാനം- ഉമ്മമാരുടെ കൈകൊട്ടിപ്പാട്ട്- മുതല്‍ ചടുലമായിത്തുടങ്ങുന്ന പറവ ക്ലൈമാക്‌സ് വരെ അതേ ടെംപോ നിലനിര്‍ത്തുന്നു. ലുംപെന്‍ എലമെന്റ്‌സ് വിളഞ്ഞാടുന്ന സിനിമയിലെ മട്ടാഞ്ചേരി നാമേറെ കണ്ടതും ചര്‍ച്ചയാക്കിയതുമാണ്.സൗബിന്‍ ഷാഹിര്‍ എന്ന പശ്ചിമകൊച്ചി സ്വദേശി ന്യൂജെന്‍ സിനിമാ നടന്റെ / അസോഷ്യേറ്റിന്റെ കന്നി സംവിധാന സംരംഭത്തില്‍, ഡ്രഗ്‌ഡെന്നുകള്‍ അതുമാത്രമാണ്. പുട്ടിന് പീരപോലെ അവിടെ തീവ്രവാദ നെക്‌സസ് സിനിമയില്‍ ആരോപിക്കുന്നില്ല. മട്ടാഞ്ചേരിയിലെ മുസ്‌ലിംകള്‍ പിശാചുവല്‍ക്കരിക്കപ്പെടുന്ന പതിവ് വാര്‍പ്പുമാതൃക കൈയൊഴിഞ്ഞ സൗബിന്‍ കൊച്ചിക്കാരുടെ മുത്താണ്.
എന്താണ് ഇത്രകാലം മട്ടാഞ്ചേരിയെ ഹീനമായി പ്രശ്‌നവല്‍ക്കരിച്ച മലയാള സിനിമയുടെ യുക്തികള്‍? പ്രാഥമികമായും മട്ടാഞ്ചേരി പ്രദേശം മുസ്‌ലിം ന്യൂനപക്ഷത്തിനു മേല്‍ക്കോയ്മയുള്ള ദേശമാണെന്നതാണ് (മറ്റുദാഹരണങ്ങളാണ് ബീമാപ്പള്ളിയും ചാലയും). അത്തരമൊരു ദേശത്തെ അപരമായി സിനിമയില്‍ നിര്‍മിച്ചെടുക്കാന്‍ പാകത്തില്‍ മറ്റു ഘടകങ്ങളുമുണ്ട്. സാമൂഹിക-സാമ്പത്തിക ശോച്യാവസ്ഥ, വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ, തൊഴിലില്ലായ്മ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ പ്രധാനമാണ്. മുസ്‌ലിം ഗെറ്റോകളിലെ ഇടുങ്ങിയ ഗല്ലികള്‍, ചേരികള്‍ ഒക്കെ സവര്‍ണ യുക്തികളില്‍ ചിത്രപ്പെടാന്‍ പാകത്തിലാണ്. ജനസാന്ദ്രതയില്‍ ലോകത്തേറ്റവും മുന്നില്‍ നില്‍ക്കുന്ന പ്രദേശത്ത് ഭവനരഹിതരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ പാതിയോളമാണ്. ഗുരുതരവും സ്‌ഫോടനാത്മകവും ഭയാനകവുമായ ഒരവസ്ഥാവിശേഷമാണത്. ഭവനരഹിതരുടെ സാമൂഹിക അന്തസ്സെന്നതു പെറുക്കികളുടെയോ തെണ്ടികളുടെയോ നിലയില്‍ ഇകഴ്ത്തപ്പെടുന്ന ഒന്നാണ്.
അമ്മയുടെ ജിമിക്കിക്കമ്മല്‍ അപ്പന്‍ കട്ടോണ്ടുപോവുന്നതും പകരം അപ്പന്റെ ബ്രാണ്ടിക്കുപ്പി അമ്മ കുടിച്ചുതീര്‍ക്കുന്നതും തലതിരിഞ്ഞ യുവതയുടെ നവ്യ ഭാവുകത്വമായി കൊണ്ടാടാന്‍ വരട്ടെ. എന്നും വരേണ്യ സൗന്ദര്യ വ്യവഹാരങ്ങള്‍ക്കു പുറത്തായിരുന്ന മട്ടാഞ്ചേരിക്ക് പുതിയ ഒരു ഭാവുകത്വമാണ് സൗബിന്‍ നല്‍കുന്നത്. ഇല്ലവും നിലവിളക്കും ക്ഷേത്രവും കാണിക്കുന്ന 'നിഷ്‌കളങ്ക' സൗന്ദര്യത്തിനു ബദലായി ഇരുണ്ട കോളനിമുറികളും ഇടുങ്ങിയ ഗല്ലികളും ഗുണ്ടാ തീവ്രവാദ ചിത്രീകരണത്തിന് ഇണങ്ങിയ ലൊക്കേഷനുകളാവുന്നതാണ് മട്ടാഞ്ചരിയുടെ സിനിമാ ചരിത്രം. പച്ചനിറത്തിലുള്ള ബോട്ടില്‍ വന്നിറങ്ങുന്ന വില്ലന്‍ സേട്ട് ഗ്യാങ്‌സ്റ്ററിലേക്ക് പ്രതിനായകനെ കഫിയ്യയണിയിച്ചു ജ്ഞാനസ്‌നാനം ചെയ്യിക്കുന്ന തരം ദൃശ്യരൂപകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രീയം പ്രക്ഷേപണം ചെയ്യുന്നത് മൃദുഹിന്ദുത്വ പ്രേക്ഷകമനസ്സിനെയാണെന്നു ദൃശ്യങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്കറിയാം. അതിനെയാണ് പറവകള്‍ പാറിപ്പറക്കുന്ന മനോഹരമായ ആകാശദൃശ്യങ്ങളിലൂടെ സൗബിന്‍ ഉല്ലംഘിക്കുന്നത്.
പറവയില്‍ പ്രണയമുണ്ട്, പ്രതികാരമുണ്ട്, സംഘട്ടനമുണ്ട്, വയലന്‍സുണ്ട്, പാട്ടുണ്ട്, നര്‍മമുണ്ട്, പതിവ് കൂട്ടുകളെല്ലാമുണ്ട്. അതെത്രത്തോളം? ജീവിതത്തിലുള്ളയത്രയും. അതിലെല്ലാം ജീവിതഗന്ധിയായ മിതത്വം സമഞ്ജസിപ്പിച്ചിട്ടുണ്ട്. വള്ളുവനാടന്‍ മലയാളത്തില്‍ സാത്വികമായി മുന്നേറുന്ന സവര്‍ണ ഉത്തമപുരുഷ നായകന്‍, തുളസിക്കതിര്‍ ചൂടി കുറിയിട്ട വെള്ളാരനായിക എന്നിത്യാദി ക്ലീഷേ സിനിമാ സീനുകളെ പറവ തിരുത്തുന്നത് തന്മയത്വത്തോടെയാണ്. മട്ടാഞ്ചേരിയുടെ ഗല്ലികള്‍, കെട്ടിടങ്ങളുടെ മട്ടുപ്പാവുകള്‍, തനത് വിനോദങ്ങള്‍, ഭാഷ, ബാങ്ക്‌വിളി, പത്തിരിയും തേങ്ങാപ്പാലും ബീഫും ഇറച്ചിച്ചോറും. (മറ്റെവിടെയുമെന്ന പോലെ) ലഹരിക്കടിപ്പെട്ട കുറെ പയ്യന്മാരും.
പ്രാവുകളെയും അലങ്കാര മല്‍സ്യങ്ങളെയും വളര്‍ത്തുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ഇച്ചാപ്പിയും (ഇര്‍ഷാദ്) ഹസീബുമാണ് പറവയിലെ നായക/ ഉപനായക സ്ഥാനങ്ങളില്‍. നായിക സുറുമി എന്ന പത്താംതരം വിദ്യാര്‍ഥിനി. ഗസ്റ്റ് അപ്പിയറന്‍സിന്റെ ലെവലിലാണ് ദുല്‍ഖറിന്റെ ഇമ്രാന്‍ എന്ന കഥാപാത്രം. രക്ഷകവേഷത്തിലാണ് ഇമ്രാന്‍ അവതരിക്കുന്നത്. അമാനുഷികതയിലേക്കും അജയ്യതയിലേക്കും അതിഭാവുകത്വത്തിലേക്കും കടക്കാതെ ഇമ്രാനെ സ്വാഭാവികതയില്‍ നിബന്ധിച്ചിരിക്കുന്നു സംവിധായകന്‍. എല്ലാവരുടെയും സ്‌നേഹഭാജനവും ബഹുമാനപാത്രവുമായ ഇമ്രാന്‍ തികഞ്ഞ മതനിഷ്ഠയുള്ള ചെറുപ്പക്കാരനാണ്. പോലിസിനുപോലും അയാള്‍ പ്രിയങ്കരനാണ്. അതു വലിയ അട്ടിമറിയാണ്. മതചിഹ്നങ്ങളില്‍ ധാരാളികളായ തീവ്രവാദികളെ / വില്ലന്മാരെ കണ്ടുശീലിച്ച മലയാളി പ്രേക്ഷകന് ഇമ്രാന്‍ ഒരു പുതിയ അവതാരമാണ്.
ഷെയിന്‍ എന്ന ശക്തമായ കഥാപാത്രമാണ് സിനിമയുടെ വഴിത്തിരിവുകളില്‍ താരം. ലഹരിക്കടിമയായ ഒരാളുടെ നെഗറ്റീവ് റോളിലാണ് സൗബിന്‍ അഭിനയിക്കുന്നത്. തന്റെ അഭിനയജീവിതത്തിലുടനീളം സ്വഭാവിക അഭിനയത്തിന്റെ സൗബിന്‍ പ്രഭാവം സ്വന്തം സിനിമയിലുടനീളം അഭിനേതാക്കളെ തന്മയത്വത്തില്‍ നടിപ്പിക്കുന്നതിനു കരുത്തേകിയിട്ടുണ്ട്. പട്ടംപറത്തലിന്റെയും പ്രാവ് പറത്തലിന്റെയും മട്ടാഞ്ചേരി സ്പിരിറ്റ് സിനിമയില്‍ ശക്തമായ പശ്ചാത്തലമാവുന്നു. കൊച്ചിയിലെ തനത് ജീവിതത്തിന്റെ സിനിമാവിഷ്‌കാരം പറവയെ ഹൃദ്യമാക്കുന്നു.
മട്ടാഞ്ചേരിയിലെ സാധാരണ മുസ്‌ലിം ജീവിതപരിസരത്ത് തീവ്രവാദച്ചേരുവ സന്നിവേശിപ്പിക്കുന്നത് പലവുരു സിനിമകളില്‍ കണ്ട പ്രേക്ഷകന്‍ ആ മേല്‍ക്കോയ്മാ രാഷ്ട്രീയത്തെ നിരാകരിക്കുന്ന സൗബിന്റെ അരാഷ്ട്രീയതയെ അയാളുടെ രാഷ്ട്രീയമായി ഗണിക്കുകയും ഗുണാത്മകമായി സിനിമയെ നെഞ്ചേറ്റുകയുമാണ്. പറവ മലയാള സിനിമയിലെ വ്യതിരിക്ത ഭാവുകത്വത്തില്‍ പാറിപ്പറക്കുകയാണ്.

RELATED STORIES

Share it
Top