മട്ടന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം വൈകുന്നു

മട്ടന്നൂര്‍:  മട്ടന്നൂര്‍ നഗരസഭയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം വൈകുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥലം എംഎല്‍എ ഇ പി ജയരാജന്റെ ആവശ്യത്തെ തുടര്‍ന്നാണ് മിനി സിവില്‍ സ്‌റ്റേഷന്‍ അനുവദിച്ചത്. ഇതിനായി മട്ടന്നൂര്‍ കോടതിക്ക് സമീപം ഇറിഗേഷന്റെ വകുപ്പിന്റെ സ്ഥലം റവന്യൂ വകുപ്പിന് വിട്ടുനല്‍കി.
എന്നാല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള പ്രാരംഭ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല. ഇതുകാരണം പദ്ധതിപ്രദേശം കാടുകയറിയ നിലയിലാണ്. നിലവില്‍ മട്ടന്നൂരിലെ ഭൂരിഭാഗം സര്‍ക്കാര്‍ ഓഫിസുകളും സ്വകാര്യ കെട്ടിടത്തിലും നഗരസഭ കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍സ്‌റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തലശ്ശേരി റോഡില്‍ കനാല്‍ പരിസരത്ത് ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം വിട്ടുനല്‍കിയിട്ട്് വര്‍ഷങ്ങളായി.
എഇ ഓഫിസ്, കൃഷിഭവന്‍, എംപ്ലോയ്‌മെന്റ് ഓഫിസ്, എക്‌സൈസ് ഓഫിസ്, കെഎസ്ഇബി ഓഫിസ്, ജില്ലാ ട്രഷറി എന്നിവ വാടക ക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വാടക ഇനത്തില്‍ മാത്രം വര്‍ഷത്തില്‍ ലക്ഷങ്ങളാണു സര്‍ക്കാര്‍ നല്‍കുന്നത്. വിവിധ ഓഫിസുകള്‍ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നതു കാരണം വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഓഫിസിലെത്തി കാര്യം സാധിക്കാന്‍.
മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിടം പണിയുന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പും ധനകാര്യ വകുപ്പും സഹകരിച്ചാല്‍ മാത്രമേ കെട്ടിടം നിര്‍മാണം നടക്കുകയുള്ളൂ.

RELATED STORIES

Share it
Top